പാലക്കാട്: തൂതപ്പുഴയുടെ കാളിക്കടവ് സംരക്ഷിക്കാന്‍ അവര്‍ ഒരുമിച്ചുനിന്നു. ചെര്‍പ്പുളശ്ശേരിയുടെയും സമീപ പഞ്ചായത്തുകളിലെയും പ്രധാന കുടിവെള്ളസ്രോതസ്സിനെ കാക്കാന്‍ അവര്‍ കളക്ടറെ കണ്ടു. വെള്ളവും മണ്ണും നാളേയ്ക്കുവേണ്ടി കാത്തുവെക്കേണ്ടതാണെന്ന് മനസ്സിലായതോടെ കുരുന്നുകള്‍ ഒരുമനസ്സോടെനിന്നു. ആ മനസ്സിനാണ് ചെര്‍പ്പുളശ്ശേരി ജി.വി.എച്ച്.എസ്.എസ്സിന് ഫെഡറല്‍ ബാങ്കിനൊപ്പം മാതൃഭൂമി നടപ്പാക്കുന്ന സീഡ് പദ്ധതിയുടെ ഹരിത വിദ്യാലയം അവാര്‍ഡില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ രണ്ടാംസ്ഥാനം കിട്ടിയത്.
രണ്ടാംസ്ഥാനക്കാര്‍ക്കുള്ള 10,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയുമാണ് സമ്മാനം. സ്‌കൂളിലെ സഞ്ജീവനി ഹരിതസേന 1,178 കിലോ പച്ചക്കറിയാണ് വിളയിച്ചെടുത്തത്. 350 ഔഷധ സസ്യങ്ങളാണ് ഇവര്‍ സംരക്ഷിക്കുന്നത്. ജൈവവൈവിധ്യസംരക്ഷണത്തിനായി 2,000 തൈകളാണ് നട്ടുവളര്‍ത്തുന്നത്. മണ്ണൊലിപ്പ് തടയുന്നതിനും ജലസംരക്ഷണത്തിനുമായി നൂറ് മുളന്തൈകള്‍ സ്‌കൂള്‍വളപ്പില്‍ നട്ടു.
ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്താനും കുഞ്ഞിക്കൂട്ടം മറന്നില്ല. സര്‍ക്കാര്‍ ആസ്പത്രിയിലെ രോഗികള്‍ക്കായി കഴിഞ്ഞവര്‍ഷം ആരംഭിച്ച കഞ്ഞിവിതരണം തുടരുന്നുണ്ട്. ഈവര്‍ഷം 20 കുട്ടികള്‍ക്ക് പഠനോപകരണം നല്‍കി. കൊപ്പം അഭയകേന്ദ്രത്തിലെ അന്തേവാസികള്‍ക്ക് ഓണക്കോടിയും ഓണവിഭവങ്ങളുമെത്തിച്ചു. നിരവധി കുട്ടികള്‍ക്ക് പഠനസഹായം നല്‍കി.
സീഡ്ക്ലബ്ബ് അംഗങ്ങളുടെ വീട്ടിലും സ്‌കൂള്‍വളപ്പിലും മഴക്കുഴികള്‍ നിര്‍മിച്ചു. ലവ് പ്ലാസ്റ്റിക് പദ്ധതിക്കായി 3,500 കിലോ പ്ലാസ്റ്റിക്കാണ് ഇവര്‍ ശേഖരിച്ചത്. സ്‌കൂള്‍ പ്രധാനാധ്യാപിക എ. ശാന്താദേവിയും സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പി.ടി. കലാവതിയുമാണ് കുട്ടികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.