ചാത്തന്നൂര്‍: വിദ്യാര്‍ഥികളും രക്ഷാകര്‍ത്താക്കളും പങ്കെടുത്ത, ഉത്സവാന്തരീക്ഷത്തില്‍ കല്ലുവാതുക്കല്‍ വിലവൂര്‍ക്കോണം ഡി.എം.ജെ. യു.പി.എസ്സില്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കം കുറിച്ചു.
അധ്യാപക-രക്ഷാകര്‍ത്തൃ സമ്മേളനവും സീഡ് പദ്ധതി ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് നടത്തി. സ്വന്തം വീട്ടുവളപ്പില്‍ ഭക്ഷ്യയോഗ്യമായ കൃഷികള്‍ നടത്താനും പ്രകൃതിസംരക്ഷണത്തിനായി സസ്യജാലങ്ങള്‍ നട്ടുവളര്‍ത്താനും വിദ്യാര്‍ഥികളെയും രക്ഷാകര്‍ത്താക്കളെയും പ്രാസംഗികര്‍ ഓര്‍മ്മിപ്പിച്ചു.
പാരിപ്പള്ളി റോട്ടറി ക്ലബ് വൈസ് പ്രസിഡന്റ് കബീര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടകനും പി.ടി.എ. പ്രസിഡന്റ് കരുണാകരനും ചേര്‍ന്ന് സ്‌കൂള്‍ മുറ്റത്ത് വൃക്ഷത്തൈ നട്ടു.
സ്‌കൂള്‍ ഹെഡ്മിസ്ട്രസ് മറിയാമ്മ സാമുവല്‍ അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ പ്രദീപ് ചാത്തന്നൂര്‍ സീഡ് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. എന്‍.ശ്രീകുമാര ശര്‍മ്മ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഷാജി എബ്രഹാം, പി.ടി.എ. പ്രസിഡന്റ് കരുണാകരന്‍, സ്‌കൂള്‍ അധ്യാപിക ജി.സുജ തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതൃഭൂമി വിലവൂര്‍ക്കോണം ഏജന്റ് ഷൈലനും ചടങ്ങില്‍ പങ്കെടുത്തു.