പാലക്കാട് : പുത്തന്‍ അധ്യയനവര്‍ഷത്തില്‍ കൂടുതല്‍ ആവേശത്തോടെ മാതൃഭൂമി സീഡ് (സ്റ്റുഡന്റ് എംപവര്‍മെന്റ് ഫോര്‍ എന്‍വയോണ്‍മെന്റല്‍ െഡവലപ്‌മെന്റ്) പ്രവര്‍ത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. മലമ്പുഴ ഉദ്യാനത്തില്‍ വിദ്യാര്‍ഥികളെയും പരിസ്ഥിതി പ്രവര്‍ത്തകരെയും സാക്ഷിയാക്കിയാണ് ഉദ്ഘാടനച്ചടങ്ങ്. തുടര്‍ന്ന്, മലമ്പുഴ മാങ്കോ ഗാര്‍ഡനില്‍ വൃക്ഷത്തൈ നടലും വിദ്യാര്‍ഥികള്‍ക്ക് ജൈവ കൃഷിക്കായി പച്ചക്കറിവിത്ത് വിതരണവും നടക്കും.
സിനിമാതാരം അനുമോളാണ് ഉദ്ഘാടനം ചെയ്യുക. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍നിന്നുള്ള 600ഓളം വിദ്യാര്‍ഥികള്‍ ചടങ്ങിന് പൊലിമപകരും. ഉദ്യാനത്തില്‍ തയ്യാറാക്കിയ തുണി ബോര്‍ഡില്‍ത്തീര്‍ത്ത മരച്ചില്ലകളില്‍ മണ്ണില്‍മുക്കിയ കൈപ്പത്തികള്‍കൊണ്ട് ഇലച്ചാര്‍ത്തിന്റെ ചിത്രമൊരുക്കുന്ന 'പ്രകൃതിക്കൊരു കൈയൊപ്പ്' എന്ന പരിപാടിയാണ് ഇത്തവണത്തെ പ്രത്യേകത. മലമ്പുഴയിലെ പ്രകൃതിഭംഗി ആസ്വദിച്ചശേഷമാവും വിദ്യാര്‍ഥികള്‍ മടങ്ങുക. പരിസ്ഥിതി ദിനത്തില്‍ പ്രകൃതിയെ നേരിട്ടറിയാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് അവസരമാവും.
പാലക്കാട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ എ. അബൂബക്കര്‍, മലന്പുഴ ഇറിഗേഷന്‍ ഡിവിഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ ആര്‍. സഞ്ജീവന്‍, ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.എ. സൈനുല്‍ ആബ്ദീന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാേനജര്‍ സിന്ധു ആര്‍.എസ്.നായര്‍ എന്നിവര്‍ പങ്കെടുക്കും.