ഈ സമ്മാനം സഹ്യാദ്രിയുടെ സമര്‍പ്പണത്തിന്...

Posted By : pkdadmin On 30th June 2015


 പാലക്കാട്: സംയോജിത കൃഷി പദ്ധതി, സത്യസന്ധമായ കട, സ്‌കൂള്‍ പച്ചക്കറിത്തോട്ടം, ഇഞ്ചിക്കൃഷി, മഴക്കുഴി നിര്‍മാണം, കുളകാടന്‍ മല ഹരിതാഭമാക്കല്‍, സ്‌കൂള്‍ വളപ്പില്‍ ചെറിയ തടയണ നിര്‍മിക്കല്‍... സീഡിന്റെ കൈപിടിച്ച് അധ്വാനിച്ചതിനെക്കുറിച്ച് പറയാന്‍ ഏറേയുണ്ട് അടയ്ക്കാപുത്തൂര്‍ എ.യു.പി. സ്‌കൂളിലെ സഹ്യാദ്രി സീഡ് ക്ലബ്ബിന്റെ കുട്ടികള്‍ക്ക്. ആ സമര്‍പ്പണത്തിന് അവര്‍ക്കുള്ള സമ്മാനമാണ് മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്നുനടത്തുന്ന സീഡ് പദ്ധതിയില്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയില്‍ ഹരിതവിദ്യാലയത്തിനുള്ള ഒന്നാംസ്ഥാനം. 15,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം. വൃക്ഷത്തൈ സംരക്ഷണത്തിന് ഇവര്‍ ഏറെപ്രാധാന്യം നല്‍കുന്നു. ആറുമാസം മുതല്‍ നാലുവര്‍ഷം വരെ പ്രായമുള്ള 60-ഓളം തൈയാണ് സ്‌കൂള്‍വളപ്പില്‍ പരിപാലിക്കുന്നത്. കെ.എഫ്.ആര്‍.ഐ.യുടെ സഹകരണത്തോടെ ഔഷധത്തോട്ട നിര്‍മാണം, ജൈവ കീടനാശിനി നിര്‍മാണവും വില്പനയും, ജൈവവേലി നിര്‍മാണം, പ്ലാസ്റ്റിക് കുപ്പികള്‍ക്കെതിരെയുള്ള പ്രചാരണം എന്നിവയെല്ലാം ഇവര്‍ നടത്തി. പൊതുഗതാഗതം പ്രോത്സാഹിപ്പിക്കല്‍, ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ എന്നിവയും ശ്രദ്ധേയമായി. സീഡ് പോലീസിന്റെ നേതൃത്വത്തില്‍ സത്യസന്ധമായ കടയും ഇവര്‍ വിജയകരമായി നടത്തി. രാവിലെയും ഉച്ചയ്ക്കുമുള്ള ഇടവേളകളില്‍ കുട്ടികള്‍ത്തന്നെയാണ് നടത്തിപ്പുകാര്‍. കാന്‍സര്‍ രോഗികള്‍ക്ക് സാമ്പത്തികസഹായം എത്തിക്കാനും ഇവര്‍ക്കായി. സ്‌കൂള്‍വളപ്പില്‍ത്തന്നെ ചെറിയ തടയണകള്‍ നിര്‍മിച്ചു. നൂറുശതമാനം ജൈവകൃഷിയില്‍ 124 കിലോ മത്തന്‍, 42 കിലോ കുമ്പളങ്ങ, 19 കിലോ പയര്‍, എട്ടു കിലോ വെണ്ട എന്നിവ വിളവെടുത്തു. കുട്ടികള്‍ക്ക് ഒപ്പംതന്നെ സീഡ്പദ്ധതികള്‍ക്കായി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ഇ. സുരേന്ദ്രനും പ്രധാനാധ്യാപിക കെ. സരളയുമാണ് കുട്ടികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത്.