ഭൂമിയമ്മയെ സ്‌നേഹിച്ച് ബമ്മണൂരിന്റെ മിടുക്കര്‍

Posted By : pkdadmin On 30th June 2015


 പാലക്കാട്: ഒരു കുഞ്ഞുതൈ നടാനും ഒരുതുള്ളി വെള്ളം പാഴാക്കാതിരിക്കാനും ചുറ്റുപാടുകള്‍ വൃത്തിയാക്കാനുമൊക്കെ ഒറ്റക്കെട്ടായാണ് അവര്‍ അധ്വാനിച്ചത്. ആ കൂട്ടായ്മയ്ക്കും പ്രയത്‌നത്തിനുമുള്ള അംഗീകാരമായാണ് ബമ്മണൂര്‍ ജി.യു.പി.സ്‌കൂളിനെ മാതൃഭൂമിയും ഫെഡറല്‍ ബാങ്കും ചേര്‍ന്നുനടത്തുന്ന സീഡ് പദ്ധതിയില്‍ പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ഹരിത വിദ്യാലയത്തിനുള്ള ഒന്നാംസ്ഥാനം തേടിയെത്തിയത്. 15,000 രൂപയും സര്‍ട്ടിഫിക്കറ്റും ട്രോഫിയും അടങ്ങുന്നതാണ് പുരസ്‌കാരം.
സ്‌കൂളിലും പാതയോരങ്ങളിലും വൃക്ഷത്തൈനട്ട് സംരക്ഷണം, ഔഷധസസ്യ തോട്ടം, പൊതുപ്രവര്‍ത്തനം, സാമൂഹികശുചിത്വപ്രവര്‍ത്തനം, ആരോഗ്യബോധവത്കരണ ക്ലാസുകള്‍, ഊര്‍ജസംരക്ഷണം, ജലസംരക്ഷണം, പരിസ്ഥിതിസംരക്ഷണ റാലികള്‍ എന്നിവയെല്ലാം ഇവരുടെ നേട്ടത്തിന് തിളക്കമേറ്റുന്നു. സ്‌കൂള്‍വളപ്പിലും കുട്ടികളുടെ വീടുകളിലെ മട്ടുപ്പാവിലും ഇവര്‍ കൃഷിയൊരുക്കി. മുഴുവന്‍ കുട്ടികളും അധ്യാപകരും വീടുകളില്‍ കുടുംബകൃഷി ഒരുക്കി. 70 ഓളം ഔഷധസസ്യങ്ങള്‍ സ്‌കൂളില്‍ പരിപാലിക്കുന്നുണ്ട്. 500 കിലോഗ്രാം പച്ചക്കറിയാണ് സ്‌കൂള്‍മുറ്റത്തുനിന്ന് ഇവര്‍ വിളയിച്ചെടുത്തത്. പ്രദേശത്തെ 20ഓളം വീടുകളില്‍ കുട്ടികളുടെ നേതൃത്വത്തില്‍ മഴക്കുഴിയുണ്ടാക്കി. മദ്യത്തിനും മയക്കുമരുന്നിനുമെതിരെ പ്രവര്‍ത്തിക്കാനും പൊതുഗതാഗതം പ്രോത്സാഹിപ്പിക്കാനും ഇവര്‍ ഏറെ പ്രയത്‌നിച്ചു. പെണ്‍കുട്ടികള്‍ക്ക് ആത്മവിശ്വാസം വളര്‍ത്താനായി സ്‌കൂളില്‍ കരാട്ടെ പരിശീലനവും തുടങ്ങി. കഴിഞ്ഞവര്‍ഷവും പാലക്കാട് വിദ്യാഭ്യാസജില്ലയില്‍ ഹരിത വിദ്യാലയത്തിനുള്ള ഒന്നാംസ്ഥാനം ഇവര്‍ക്കുതന്നെയാണ്. 60 കുട്ടികളടങ്ങുന്ന ഹരിത സീഡ് ക്ലബ്ബിന് എല്ലാവിധ പ്രോത്സാഹനവുമായി പ്രധാനാധ്യാപിക വി.എസ്. രമണിയും സീഡ് അധ്യാപക കോ-ഓര്‍ഡിനേറ്റര്‍ പി.ആര്‍. സാവിത്രിയും ഒപ്പമുണ്ട്.