ചാത്തന്നൂര്‍:അമ്മമലയാളത്തെ പ്രണമിച്ച് വൃക്ഷദേവനെ ആരാധിച്ച് പ്രകൃതിയെ വന്ദിച്ച് കുരുന്നുകുട്ടികള്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കം കുറിച്ചു. ചിറക്കര ഗവ.ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത സീഡ് പദ്ധതി കുട്ടികളുടെ പരിസ്ഥിതി സ്‌നേഹത്തിന്റെ പ്രകടമായ ഉദാഹരണമായി.
മനുഷ്യന്റെ അത്യാര്‍ത്തിയും പ്രകൃതിയെ ചൂഷണം ചെയ്യുന്നത് മൂലമുണ്ടാകുന്ന കാലാവസ്ഥവ്യതിയാനവും, രൂക്ഷമായ കുടിവെള്ളക്ഷാമവും സീഡ് ഉദ്ഘാടന ചടങ്ങില്‍ ചര്‍ച്ചാവിഷയമായി. കാലാവസ്ഥവ്യതിയാനത്തിന് കാരണം വനനശീകരണവും പരിസ്ഥിതിയുടെ അരക്ഷിതാവസ്ഥയുമാണെന്ന് ചടങ്ങില്‍ പങ്കെടുത്തവര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ വിദ്യാര്‍ത്ഥികള്‍ അത് നെഞ്ചോട് ഏറ്റുവാങ്ങി. പരിസ്ഥിതിദിനാചരണപ്രതിജ്ഞ വിദ്യാര്‍ത്ഥികള്‍ ഏറ്റെടുത്തു.
വൃക്ഷങ്ങളും സസ്യഫലാദികളും മനുഷ്യനും ജീവനും പ്രകൃതിയ്ക്കും ചെയ്യുന്ന സേവനങ്ങളെ അനുസ്മരിച്ചുകൊണ്ടാണ് സീഡ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച കവി ബാബു പാക്കനാര്‍ സംസാരിച്ചത്. കുട്ടികളോട് ചോദ്യങ്ങള്‍ ചോദിച്ചും അവരുടെ ഉത്തരം നേടിയുമുള്ള ഉദ്ഘാടകന്റെ ശൈലി അധ്യാപന ഭാഷയുടേതായിരുന്നു. കുട്ടികളില്‍ പ്രകൃതിയെക്കുറിച്ചും പരിസ്ഥിതിസംരക്ഷണത്തെക്കുറിച്ചും ബോധവത്കരണം നടത്താന്‍ ഉദ്ഘാടകന്റെ ശൈലി ഏറെ പ്രയോജനപ്പെട്ടു.സീഡ് പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഡി.അനിത അധ്യക്ഷത വഹിച്ചു. മാതൃഭൂമി ലേഖകന്‍ പ്രദീപ് ചാത്തന്നൂര്‍ പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മാതൃഭൂമി സീഡ് പദ്ധതിയുടെ ചുമതലയുള്ള എന്‍.ശ്രീകുമാര ശര്‍മ്മ പരിസ്ഥിതി പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ഗ്രാമപ്പഞ്ചായത്തംഗം സുദര്‍ശനന്‍ പിള്ളയും സ്‌കൂളിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍ സി.ആര്‍.ജയചന്ദ്രനും ചേര്‍ന്ന് വൃക്ഷത്തൈ നട്ട് പദ്ധതിക്ക് തുടക്കംകുറിച്ചു. രാജേന്ദ്രന്‍ പിള്ള, അനീഷ്, സൂര്യകുമാരി, കെ.ജി.രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. പി.ടി.എ. പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.