ആശയം മുന്നോട്ടുവെച്ചത് മാതൃഭൂമി സീഡ്; ആദ്യം നടപ്പാക്കുന്നത് കാസര്‌കോട് ജില്ലയില്‍
കാഞ്ഞങ്ങാട്: കുട്ടികളേ, നിങ്ങള്ക്ക് സ്‌കൂളില്‌നിന്ന് കിട്ടിയ വൃക്ഷത്തൈകള് നല്ലതുപോലെ നട്ട് പരിപാലിച്ചിട്ടുണ്ടോ? ഉണ്ടെങ്കില് ജില്ലാഭരണകൂടത്തിന്റെ ആദരം ഏറ്റുവാങ്ങാന് തയ്യാറായിക്കൊള്ളൂ. എന്റെ മരം പദ്ധതി ലക്ഷ്യത്തിലെത്തിച്ച കുട്ടികളെ ആദരിക്കാന് വിദ്യാഭ്യാസവകുപ്പും വനംവകുപ്പുമാണ് മുന്നോട്ടുവന്നത്. കാസര്‌കോട് ജില്ലയിലാണ് ഇത്തരമൊരു ആശയം ആദ്യം നടപ്പാക്കുന്നത്. ഈ ആശയം മുന്നോട്ടുവെച്ചത് മാതൃഭൂമി സീഡാണ്. പൊതുവിദ്യാഭ്യാസ ഡയറക്ടറോട് നേരത്തേതന്നെ ഇത്തരമൊരു ആവശ്യം മാതൃഭൂമി സീഡ് ഉന്നയിച്ചിരുന്നു. എന്റെ മരം പദ്ധതി വിജയത്തിലെത്തിക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും അവര്ക്ക് ഗ്രേസ് മാര്ക്ക് നല്കണമെന്നുമാണ് സീഡ് ആവശ്യപ്പെട്ടിരുന്നത്.
അഞ്ചാംതരം മുതലുള്ള കുട്ടികള്ക്ക് അധ്യയനവര്ഷത്തിന്റെ തുടക്കത്തില് ഓരോ വൃക്ഷത്തൈ നല്കുന്നതാണ് 'എന്റെ മരം' പദ്ധതി. പത്താംക്ലാസിലെത്തുന്ന കുട്ടികളെയാണ് ആദരിക്കുക. ഓരോവര്ഷത്തെയും കണക്കെടുത്താല് ഇതുവരെയായി ആറ് വൃക്ഷത്തൈകള്‍ പത്താംക്ലാസുകാര്ക്ക് കിട്ടിയിട്ടുണ്ടാകും. ഇതില് അഞ്ചെണ്ണം കൃത്യമായി നട്ട് പരിപാലിച്ചിട്ടുണ്ടോയെന്നാണ് പരിശോധന. അതത് സ്‌കൂളിലെ പ്രഥമാധ്യാപകന്റെ മേല്‌നോട്ടത്തിലാകും പരിശോധന. പരിശോധനയ്ക്ക് പ്രത്യേകം സ്‌ക്വാഡുണ്ടാക്കുന്നതും മറ്റു കാര്യങ്ങള് തീരുമാനിക്കുന്നതുമെല്ലാം അതത് സ്‌കൂളുകളായിരിക്കും. തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികളുടെ പേരുകള് പ്രഥമാധ്യാപകന് സാക്ഷ്യപ്പെടുത്തി ജില്ലാ വിദ്യാഭ്യാസ ഓഫീസിലേക്ക് അയക്കണം. ആദരിക്കപ്പെടേണ്ട കുട്ടികളുടെ അന്തിമപട്ടികയുണ്ടാക്കി വിദ്യാഭ്യാസവകുപ്പ് കളക്ടര്ക്ക് കൈമാറും.
പദ്ധതിയുടെ പ്രാഥമികനടപടികള് തുടങ്ങിയതായി കാസര്‌കോട് വിദ്യാഭ്യാസ ഉപഡയറക്ടര് സി.രാഘവന് പറഞ്ഞു. വനംവകുപ്പുദ്യോഗസ്ഥരുമായി കൂടിയാലോചിച്ച് തയ്യാറാക്കിയ റിപ്പോര്ട്ട് കളക്ടര്ക്ക് നല്കി. അന്തിമ റിപ്പോര്ട്ടിന് കളക്ടര് അനുമതി നല്കിയതായും ഡി.ഡി.ഇ. വ്യക്തമാക്കി. ഒട്ടേറെ ബോധവത്കരണം നല്കിയും പ്രതിജ്ഞയെടുപ്പിച്ചുമെല്ലാമാണ് ഓരോവര്ഷവും കുട്ടികള്ക്ക് വൃക്ഷത്തൈകള് നല്കുന്നത്. ചിലര് വീട്ടില് കൊണ്ടുപോയി നടുന്നതല്ലാതെ അവയെ പരിപാലിക്കുന്നില്ല. ഇത് വൃക്ഷത്തൈകള് നശിക്കാന് ഇടയാക്കുന്നു. ഏറെ പ്രതീക്ഷയോടെയാണ് വനംവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്ന്ന് കുട്ടികള്ക്ക് വൃക്ഷത്തൈകള് നല്കുന്നത്. ഇതൊരു വഴിപാടായി മാറാതിരിക്കാനാണ് ഇത്തരമൊരു പദ്ധതികൂടി നടപ്പാക്കുന്നതെന്ന് ഡി.ഡി.ഇ. പറഞ്ഞു.