മാരാരിക്കുളം: തൊടുന്നതെല്ലാം പൊന്നാക്കി ചാരമംഗലം സ്‌കൂള് ജൈത്രയാത്ര തുടരുകയാണ്. മാതൃഭൂമി സീഡ് പദ്ധതി തുടങ്ങിയപ്പോള്മുതല് ചാരമംഗലം സ്‌കൂളിന് പ്രവര്ത്തനമികവില് എല്ലാവര്ഷവും അംഗീകാരമുണ്ട്. ഈവര്ഷം ഹരിതവിദ്യാലയ അവാര്ഡാണ് ലഭിച്ചത്. ചൊരിമണലില് വിയര്‌പ്പൊഴുക്കി ജൈവപച്ചക്കറിവിളകള് ഉത്പാദിപ്പിക്കുന്ന കഞ്ഞിക്കുഴിയിലെ കര്ഷകരുടെ മക്കളും കാര്ഷികപാതയിലാണ്. സ്‌കൂള്മുറ്റം ഹരിതാഭമാക്കിയാണ് ചാരമംഗലം സ്‌കൂള് സീഡ് ക്ലബ് അംഗങ്ങള് ഹരിതവിദ്യാലയ അവാര്ഡ് നേടിയത്. എല്ലായിടത്തും വയല് നികത്തുമ്പോള് ചാരമംഗലം സ്‌കൂള് സീഡ് ക്ലബ് അംഗങ്ങള് സ്‌കൂള് മുറ്റത്ത് പുതുതായി വയല് ഒരുക്കി. മണ്ണു മാറ്റി അഞ്ചുസെന്റ് വയല് തീര്ത്ത് ഞാറുനട്ടു. ഔഷധഗുണമുള്ള ഞവരവിത്താണ് വിതച്ചത്. 30 കിലോ അരി കിട്ടി. ഇക്കൊല്ലം ഈ അരികൊണ്ട് കുട്ടികള്ക്ക് കര്ക്കിടകക്കഞ്ഞിയുണ്ടാക്കി നല്കും. കുട്ടികള് വീടുകളില്‌നിന്ന് കൊണ്ടുവന്ന ചാണകം, പച്ചിലവളം, ചാരം തുടങ്ങിയ ജൈവവളങ്ങളാണ് ഉപയോഗിച്ചത്. നെല്ക്കൃഷി തുടരുകയാണ്. ഇത്തവണ ഉമ വിത്താണ് വിതച്ചത്. എന്നും വിളവെടുപ്പ് ഈ സര്ക്കാര് സ്‌കൂളില് എന്നും വിളവെടുപ്പാണ്. സ്‌കൂള് മുറ്റം നിറയെ വിവിധയിനം പച്ചക്കറികള്‍. കഴിഞ്ഞകൊല്ലത്തെ വിളവെടുപ്പ് നൂറുമേനിയായിരുന്നു. 850 ചുവട് ചീര, 100 ചുവട് പയര്, 60 ചുവട് വെണ്ട, 52 ചുവട് പടവലം, 30 ചുവട് പച്ചമുളക്, 75 ചുവട് കാബേജ്, 25 ചുവട് തക്കാളി, 90 വാഴ എന്നിങ്ങനെ നീളുന്നു പച്ചക്കറികള്. ജൈവവളം മാത്രം ഉപയോഗിച്ചായിരുന്നു കൃഷി. കഞ്ഞിക്കുഴി കൃഷിഭവനില്‌നിന്ന് പ്രോത്സാഹനവും ലഭിച്ചു. സ്‌കൂളില് ഉച്ചഭക്ഷണത്തിന് ഈ പച്ചക്കറികള് വിഭവങ്ങളായി. പച്ചക്കറിക്കൃഷിയും തുടരുകയാണ്. പ്ലാസ്റ്റിക് വിരുദ്ധ പ്രവര്ത്തനങ്ങളും മാതൃകയായി. 30 ചാക്ക് പ്ലാസ്റ്റിക്കാണ് സംഭരിച്ചത്. അപൂര്വയിനം ഔഷധസസ്യങ്ങളുടെ കലവറയായ ഇല്ലത്തുകാവില് 400 മരങ്ങളാണ് നട്ടത്. മയക്കുമരുന്ന്മദ്യ വില്പന ചെറുക്കാന് പ്രത്യേക സമിതിയും പ്രവര്ത്തിക്കുന്നുണ്ട്. കായികരംഗത്ത് ഒളിമ്പ്യന്താരത്തെവരെ സൃഷ്ടിച്ച ചാരമംഗലം സ്‌കൂള്, മാതൃഭൂമി സീഡ് പദ്ധതിയില് ചേര്ന്നശേഷമാണ് കാര്ഷികരംഗത്ത് ചുവടുറപ്പിച്ചത്. പ്രിന്‌സിപ്പല്‍ ജവഹര് നിസ, പ്രധാനാധ്യാപകന് ടി.ബി.സുരേഷ്, മാതൃഭൂമി സീഡ് ടീച്ചര് കോ ഓര്ഡിനേറ്റര് എസ്.ജയലാല്, എസ്.എം.സി. ഭാരവാഹികളായ ടി.സി.രാധാകൃഷ്ണന്, ബാബുരാജ്, ജി.ഹരിദാസ് കായികാധ്യാപകന് കെ.കെ. പ്രതാപന് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവര്ത്തനങ്ങള് നടക്കുന്നത്.