കുട്ടനാടിന്റെ പൈതൃകം കാത്ത് കുപ്പപ്പുറം ഗവ. ഹൈസ്‌കൂള്‍ ഹരിത വിദ്യാലയ പുരസ്‌കാരം

Posted By : Seed SPOC, Alappuzha On 24th June 2015


കദളിവനം വാഴത്തോട്ടത്തില്‍ കുപ്പപ്പുറം ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ജെം ഓഫ് സീഡ് വിഷ്ണു വി.റാം മങ്കൊമ്പ്: കുട്ടനാടിന്റെ പൈതൃകമായ കൃഷിയുടെ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയ കുപ്പപ്പുറം ഗവ. ഹൈസ്‌കൂളാണ് ഇത്തവണ മാതൃഭൂമിയുടെ സീഡ് ഹരിത വിദ്യാലയ പുരസ്‌കാരത്തിന് അര്‍ഹരായത്. കുട്ടനാട് വിദ്യാഭ്യാസ ജില്ലയില്‍ ഒന്നാംസ്ഥാനം നേടിയ വിദ്യാലയത്തില്‍ പഠിക്കുന്ന ഭൂരിഭാഗം കുട്ടികളും കര്‍ഷക കുടുംബങ്ങളില്‍നിന്നുള്ളവരാണ്. കൃഷിയെ സ്‌നേഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ അശാസ്ത്രീയമായ കീടനാശിനി ഉപയോഗത്തിനെതിരെ നടത്തിയ ബോധവത്കരണ ക്ലാസ്സുകളും പ്രവര്‍ത്തനങ്ങളും അവാര്‍ഡിലേക്കുള്ള ചവിട്ടുപടിയായി. കഴിഞ്ഞവര്‍ഷം സ്‌കൂളിലെ ഒരു വിദ്യാര്‍ത്ഥിയുടെ കര്‍ഷകനായ പിതാവ് കീടനാശിനിയുടെ അമിത ഉപയോഗത്തെ തുടര്‍ന്ന് മരിച്ചിരുന്നു. ഈ സംഭ വം കുട്ടികള്‍ കീടനാശിനികള്‍ക്കെതിരെയുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കാരണമായി. വിഷയവുമായി ബന്ധപ്പെട്ട് ഡോക്യുമെന്ററിയും വിദ്യാര്‍ത്ഥികള്‍ ചെയ്തിരുന്നു. നൂറ് വയസ്സ് തികഞ്ഞ വിദ്യാലയത്തിന് സമ്മാനമായി നൂറ് വാഴത്തൈകള്‍ നൂറ് വര്‍ഷങ്ങള്‍ പിന്നിടുന്ന വിദ്യാലയത്തിന് ആശംസകള്‍ നേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ നൂറ് വാഴത്തൈകളാണ് സ്‌കൂളില്‍ നട്ടത്. കുട്ടികള്‍ വാഴക്കൂട്ടങ്ങള്‍ക്ക് പേരും നല്‍കി കദളിവനം. വൃക്ഷങ്ങള്‍ക്ക് പുറമേ കുട്ടനാട്ടില്‍നിന്ന് അപ്രത്യക്ഷമാകുന്ന തവളകളുടെ സംരക്ഷണത്തിനായി കോട്ടയം നേച്വര്‍ ക്ലബ്ബുമായി ചേര്‍ന്ന് നിരവധി ക്ലാസ്സുകളും സംഘടിപ്പിച്ചു. കുട്ടനാട് പക്ഷിപ്പനിയുടെ പിടിയിലായ സമയത്ത് ശാസ്ത്രീയമായ രീതിയില്‍ പക്ഷികളെ കൊന്ന് പകര്‍ച്ചവ്യാധി തടയുവാന്‍ ആവശ്യമായ പദ്ധതികളും വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയിരുന്നു. മന്ത്രി, കളക്ടര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ പഠന റിപ്പോര്‍ട്ടും സമര്‍പ്പിച്ചിരുന്നു. കായിപ്പൂവും കരനെല്‍ക്കൃഷിയും പുതിയ ആശയങ്ങള്‍ കുട്ടനാട്ടില്‍ മണ്‍മറഞ്ഞ് പോയ ഒരു ഭക്ഷണത്തെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താനുള്ള ശ്രമത്തിലാണ് സീഡ് അംഗങ്ങള്‍. വരുന്ന ഓണക്കാലത്ത് കായിപ്പൂ എന്ന ഭക്ഷണപദാര്‍ത്ഥം വിദ്യാര്‍ത്ഥികളുടെ ഓണസദ്യയില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമത്തിലാണ് അദ്ധ്യാപകരും. കായലിന്റെ അടിതട്ടില്‍ വളരുന്ന ചെടിയാണ് കായിപ്പൂ. ചെടി പറിച്ചെടുത്ത് അതിന്റെ കിഴങ്ങ് സംസ്‌കരിച്ച് ഭക്ഷണമായി പണ്ട് ഉപയോഗിച്ചിരുന്നു. കൂടാതെ സ്‌കൂളില്‍ അടുത്തയാഴ്ച കരനെല്‍ക്കൃഷിയുടെ വിതയും ആരംഭിക്കുന്നുണ്ട്. 25 സെന്റില്‍ ചെയ്യുന്ന കൃഷിക്കായി 10 കിലോ പ്രത്യാശവിത്തും വാങ്ങിയിട്ടുണ്ട്. 110 ദിവസം കഴിയുമ്പോള്‍ വിളവെടുക്കാവുന്ന വിത്ത് നല്‍കുന്നത് രുചിയുള്ള ചുവന്ന അരിയാണ്.