ജലസംരക്ഷണത്തിന് പഠനവും സമരവുമായി എസ്.വി.എച്ച്.എസ്.എസ്.

Posted By : Seed SPOC, Alappuzha On 23rd June 2015


ചെങ്ങന്നൂര്‍: ജീവപ്രദായകമായ ജലത്തെ സംരക്ഷിക്കുക എന്ന സന്ദേശമുയര്‍ത്തി കുട്ടികള്‍ നടത്തിയ പ്രവര്‍ത്തനമാണ് പാണ്ടനാട് സ്വാമി വിവേകാനന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ(എസ്.വി.എച്ച്.എസ്.എസ്.) ശ്രദ്ധേയമാക്കിയത്. ഇതിന്റെ സമ്മാനമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് സീഡ് 'നീല' വിഭാഗത്തില്‍ സംസ്ഥാന പുരസ്‌കാരംതന്നെ സ്‌കൂളിനെ തേടിയെത്തി. പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് വിദ്യാഭ്യാസ ജില്ലയില്‍ രണ്ടാംസ്ഥാനവും ഇത്തവണ എസ്.വി.എച്ച്.എസ്.എസ്സിനായിരുന്നു. 
നദീസംയോജനത്തിനെതിരെ 
ശക്തമായ ഇടപെടല്‍
പമ്പ  അച്ചന്‍കോവില്‍  വൈപ്പാര്‍ നദീസംയോജന പദ്ധതിക്കെതിരെ സ്‌കൂള്‍ സീഡ് ക്ലബ് ശക്തമായ പ്രചാരണ, സമര പരിപാടികളാണ് സംഘടിപ്പിച്ചത്. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഒപ്പം രക്ഷിതാക്കളും സാമൂഹിക പ്രവര്‍ത്തകരും പിന്‍തുണയുമായി എത്തിയിരുന്നു. പരിപാടിയുടെ ഭാഗമായി സ്‌കൂളിലെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ജലസംരക്ഷണ ശൃംഖല സംഘടിപ്പിച്ചു. 
ചടങ്ങില്‍ പി.സി. വിഷ്ണുനാഥ് എം.എല്‍.എ.യാണ് കുട്ടികള്‍ക്ക് ജലസംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തത്.
തുടര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാവേലിക്കര എം.എല്‍.എ. ആര്‍.രാജേഷ്, അക്കാദമിക് രംഗത്തെ വിദഗ്ധര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് സെമിനാറും ബോധവത്കരണ ക്ലാസ്സും സംഘടിപ്പിച്ചിരുന്നു. 
സമരം മാത്രമല്ല... 
ഒപ്പം പഠനവും
ജലസംരക്ഷണ പ്രവര്‍ത്തനം എന്ന പേരില്‍ സമരം മാത്രമല്ല വസ്തുതകള്‍ കൃത്യമായി പഠിച്ച്  കുട്ടികള്‍ ഡോക്യുമെന്ററിയും തയ്യാറാക്കി. സീഡ് പ്രതിനിധിയായ ഗായത്രി നന്ദന്റെ നേതൃത്വത്തില്‍ ഡോക്യുമെന്ററിയും കുട്ടികള്‍ തയ്യാറാക്കിയിട്ടുണ്ട്. ഉത്തരപ്പള്ളിയാറിലെ കൈയേറ്റങ്ങളെ കുറിച്ച് പഠനയാത്രകള്‍ നടത്തി കുട്ടികള്‍ തയ്യാറാക്കിയ ഡോക്യുമെന്ററിക്ക് സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്‌കാരം ലഭിച്ചിരുന്നു.
പാഴ്വസ്തുക്കളില്‍നിന്ന് 
കളിപ്പാട്ടം 
വലിച്ചെറിയല്‍ സംസ്‌കാരം കുട്ടികളില്‍നിന്ന് ഇല്ലാതാക്കാന്‍ വലിച്ചെറിയുന്നവയെ കളിപ്പാട്ടമായി ഉപയോഗിക്കാന്‍ കുട്ടികളെ പഠിപ്പിക്കുക. ഇതാണ് സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ എടുത്തു പറയേണ്ട മറ്റൊരു പ്രവര്‍ത്തനം. കടലാസ് , പ്ലാസ്റ്റിക് , കുപ്പികള്‍ അങ്ങനെ ഉപയോഗമില്ലാതെ വലിച്ചെറിയുന്ന എല്ലാത്തിനെയും ഒന്നാംതരം കളിപ്പാട്ടമാക്കുക. ഈ പരിശീലനം കുട്ടികള്‍ക്ക് നല്‍കിയത് തൃശ്ശൂരിലെ സുബിത്ത് എന്ന വിദഗ്ധനാണ്. പെരുങ്കുളം പാടത്തെ മാലിന്യ നിക്ഷേപത്തിനെതിരെ കുട്ടികള്‍ നടത്തിയ ബോധവത്കരണ പരിപാടിയും ശ്രദ്ധേയമായി.
പ്രകൃതി സംരക്ഷണത്തോടൊപ്പം 
സഹജീവികള്‍ക്ക് 
കൈത്താങ്ങും
സോഷ്യല്‍ ഫോറസ്ട്രി വിഭാഗവുമായി ചേര്‍ന്ന് പരിസ്ഥിതി സെമിനാര്‍, വനയാത്ര, പഠനക്യാമ്പ്, ഔഷധത്തോട്ട നിര്‍മാണം, ചിത്രശലഭോദ്യാനം, വഴിയോരത്തണല്‍ പദ്ധതി, എന്റെമരം പദ്ധതി തുടങ്ങിയവ പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ ചിലതാണ്. 
നിര്‍ധനര്‍ക്ക് സോളാര്‍ വിളക്ക് നല്‍കല്‍, സഹായധന വിതരണം, ഭക്ഷണ വിതരണം, കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യല്‍, മെഡിക്കല്‍ ക്യാമ്പ് തുടങ്ങിയവ സഹജീവികള്‍ക്ക് കൈത്താങ്ങായി നടക്കുന്ന പരിപാടികളാണ്. വനം വകുപ്പിന്റെ പ്രകൃതിമിത്ര പുരസ്‌കാരവും സീഡിന്റെ മികച്ച ടീച്ചര്‍ കോ ഓര്‍ഡിനേറ്റര്‍ പുരസ്‌കാരവും നേടിയ ആര്‍.രാജേഷാണ് സ്‌കൂളിലെ സീഡ് കോ ഓര്‍ഡിനേറ്റര്‍. സീഡ് പ്രതിനിധികളായ പ്രശാന്ത്, ഗോപുകൃഷ്ണന്‍, ഗായത്രി നന്ദന്‍, റിയ എലിസബത്ത്, ലക്ഷ്മിപ്രിയ, ആദിത്യന്‍ വി.കുമാര്‍ എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.  
വിദ്യാര്‍ഥികള്‍ക്ക് പൂര്‍ണ പിന്തുണയുമായി പ്രിന്‍സിപ്പല്‍ എം.സി.അംബിക കുമാരി, സ്‌കൂള്‍ മാനേജര്‍ വി.എസ്.ഉണ്ണിക്കൃഷ്ണപിള്ള, പി.ടി.എ. പ്രസിഡന്റ് എ.വി.ശിവദാസ് തുടങ്ങിയവരും ഉണ്ട്.