കുട്ടിജനസമ്പര്‍ക്ക പരിപാടിയില്‍ തിളങ്ങി താമരക്കുളം വി.വി.എച്ച്.എസ്.എസ്.

Posted By : Seed SPOC, Alappuzha On 23rd June 2015


 ചാരുംമൂട്: മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ ചുവടുപിടിച്ച് താമരക്കുളം വി.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ 'മാതൃഭൂമി' സീഡ് ക്‌ളബ് സംഘടിപ്പിച്ച കുട്ടിജനസമ്പര്‍ക്ക പരിപാടി വ്യത്യസ്ത അനുഭവമായി. വിദ്യാര്‍ഥികള്‍ അടക്കമുള്ള ഒട്ടേറെ ആളുകള്‍ക്ക് പ്രയോജനപ്പെട്ട പരിപാടി സംസ്ഥാനത്ത് ആദ്യമായിരുന്നു. കുട്ടികളെയും ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും ഒരു വേദിയിലിരുത്തി പ്രശ്‌നപരിഹാരങ്ങള്‍ ഉണ്ടാക്കിയ പരിപാടി നയിച്ചത് ആര്‍. രാജേഷ് എം.എല്‍.എ.യായിരുന്നു.

പാരിസ്ഥിതികസാമൂഹിക പ്രശ്‌നപരിഹാരത്തിനായി താലൂക്കിലെ വിവിധ സ്‌കൂളുകളില്‍നിന്നുള്ള വിദ്യാര്‍ഥി പ്രതിനിധികള്‍ കുട്ടിജനസമ്പര്‍ക്ക പരിപാടിയില്‍ പങ്കെടുത്തു.
വി.വി.എച്ച്.എസ്.എസ്സിലെ വിദ്യാര്‍ഥികളായ ആദികേശവന്റെയും വൈശാഖിന്റെയും വീടുകളില്‍ സൗജന്യമായി വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞതും താമരക്കുളം ആലുവിള കോളനിയിലെ 12 കുടുംബങ്ങള്‍ക്ക് പഞ്ചായത്തിന്റെയും ശുചിത്വ മിഷന്റെയും സഹായത്തോടെ ശൗചാലയങ്ങള്‍ നിര്‍മിച്ചുകൊടുക്കാന്‍ കഴിഞ്ഞതും 14 സ്‌കൂളുകള്‍ക്ക് എം.എല്‍.എ. ഫണ്ടില്‍നിന്നുള്ള തുകകൊണ്ട് വനിതാ സൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കാന്‍ തീരുമാനമെടുത്തതും പരിപാടിയുടെ വിജയമായി സീഡ് കോഓര്‍ഡിനേറ്ററായിരുന്ന എല്‍.സുഗതന്‍ പറയുന്നു.
കഴിഞ്ഞവര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച ഹരിത വിദ്യാലയമായി വി.വി.എച്ച്.എസ്.എസ്സിനെ തിരഞ്ഞെടുത്തതിന് കാരണമായി. വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡായി 10ാംക്‌ളാസ്സ് വിദ്യാര്‍ഥിനി താമരക്കുളം മലരിമേല്‍ പടീറ്റതില്‍ ആര്‍. രാജലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.
'സഹപാഠിക്കൊരു കൈ സഹായം പദ്ധതിയില്‍' തിരഞ്ഞെടുക്കപ്പെട്ട 350 കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി. 'കാരുണ്യഹസ്തം' പദ്ധതിയില്‍ നിര്‍ധനരായ 10 കുട്ടികള്‍ക്ക് എല്ലാ മാസവും 1500 രൂപ വീതം വിതരണം ചെയ്തു.
സിനിമാ നടന്‍ മമ്മൂട്ടി നടപ്പാക്കിയ മൈട്രീ ചലഞ്ച് പദ്ധതി ജില്ലയില്‍ ആദ്യമായി സ്‌കൂള്‍ ഏറ്റെടുത്തു. തുടര്‍ന്ന് ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് ചലഞ്ച് ഏറ്റെടുത്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വളപ്പില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതിഭാ ഹരി തെങ്ങിന്‍തൈ നട്ടു. 
പരമ്പരാഗത ശേഷിപ്പുകളുടെ സംരക്ഷണത്തിനായി കണ്ണനാകുഴി ക്ഷേത്രത്തിന് മുമ്പിലെ കളത്തട്ടും ചുമടുതാങ്ങിയും പെയിന്റുചെയ്ത് സംരക്ഷിച്ചു. സമീപപ്രദേശത്തെ മികച്ച ജലസ്രോതസ്സായ വെട്ടിക്കോട്ട് ചാലില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സീഡ് പ്രവര്‍ത്തകര്‍ വായ് മൂടിക്കെട്ടി പ്രകടനം നടത്തി.
നക്ഷത്രവനം പദ്ധതി, ഫലവൃക്ഷത്തോട്ടം, മഴവെള്ള സംഭരണി, ബട്ടര്‍ഫ്‌ലൈ ഗാര്‍ഡന്‍, പാഥേയം പദ്ധതി, ലവ് പ്‌ളാസ്റ്റിക് പദ്ധതി, ലഹരിവിരുദ്ധ ദിനാചരണം, ഓസോണ്‍ ദിനാചരണം, പരിസ്ഥിതി സന്ദേശറാലി, മെഡിക്കല്‍ ക്യാമ്പ്, നാളികേര ദിനാചരണം, വായനദിനാചരണം, ഹൃദയാരോഗ്യ ദിനാചരണം തുടങ്ങിയവയും സീഡ് ക്‌ളബ്ബിന്റെ നേതൃത്വത്തില്‍ നടത്തി. ഇമാലിന്യങ്ങള്‍ക്കെതിരെ നടത്തിയ പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് വിദ്യാഭ്യാസ ജില്ലയിലെ ജെം ഓഫ് സീഡായി ആര്‍. രാജലക്ഷ്മിയെ തിരഞ്ഞെടുത്തത്.