എഴുകോണ്‍: പരിസ്ഥിതിയെ സംരക്ഷിക്കാന്‍ മാതൃഭൂമി സീഡില്‍ കൈകോര്‍ത്ത ചൊവ്വള്ളൂര്‍ സെന്റ് ജോര്‍ജസ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് ലഭിച്ച സീഡ് പുരസ്‌കാരം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ആവേശമായി.
കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച സ്‌കൂളുകളുടെ പട്ടികയിലെ പ്രോത്സാഹനസമ്മാനമാണ് ചൊവ്വള്ളൂരിന് ലഭിച്ചത്.
പ്രകൃതിയുടെ പച്ചപ്പിനൊപ്പം മനുഷ്യജീവന്റെയും പച്ചപ്പിനായി ആതുരസേവനരംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനമാണ് സീഡ് കുടുംബം നടത്തിയത്. രക്തദാനസേന രൂപവത്കരിക്കുകയും നൂറില്‍പ്പരം ആളുകളുടെ രക്തം ജില്ലാ ബ്ലഡ് ബാങ്കില്‍ നല്‍കുകയും ചെയ്തു.
ലോക ലഹരിവിരുദ്ധദിനത്തില്‍ എഴുകോണ്‍ ദേശീയപാതയോരത്ത് സീഡ് വളന്റിയര്‍മാര്‍ ബോധവത്കരണം നടത്തി. ഓണാഘോഷത്തിന്റെ ഭാഗമായി നൂറ് വയസ്സുള്ള സ്‌കൂളിലെ മരമുത്തശ്ശിയെ പുടവ ചാര്‍ത്തി ആദരിച്ചത് വേറിട്ട പരിപാടിയായി.
കാര്‍ഷികമേഖലയില്‍ ക്രിയാത്മക പരിപാടികളാണ് സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ നടത്തിയത്. പച്ചക്കറി വികസനപദ്ധതിയുടെ ഭാഗമായി 750ല്‍പ്പരം കുട്ടികളുടെ വീടുകളില്‍ പച്ചക്കറിത്തോട്ടം നിര്‍മ്മിച്ചു.
സ്‌കൂളിലെ 20 സെന്റ് സ്ഥലം ഉഴുതൊരുക്കി വിവിധയിനം പച്ചക്കറികള്‍ വിളയിച്ച് സ്‌കൂള്‍ ഭക്ഷണശാലയ്ക്ക് നല്‍കി. കൃഷിവകുപ്പിന്റെ ജില്ലാതല പുരസ്‌കാരവും സ്‌കൂളിന് ലഭിച്ചു.
മാതളം, രാമച്ചം, കസ്തൂരിമഞ്ഞള്‍, തുളസി, ചിറ്റാരത്ത, പതിമുഖം, വാതക്കൊല്ലി എന്നിവ അടങ്ങിയ സ്‌കൂളിലെ ഔഷധസസ്യത്തോട്ടം സീഡിന്റെ സംഭാവനയാണ്.
തെങ്ങുകയറ്റ പരിശീലനം, പരിസ്ഥിതിപഠന ക്യാമ്പ്, എയ്ഡ്‌സ് ബോധവത്കരണ റാലി, പഠനയാത്രകള്‍ തുടങ്ങിയവയും സീഡിന്റെ ഭാഗമായി നടന്നു. കൃഷി, വനം, പോലീസ്, എകൈ്‌സസ് വകുപ്പുകളും സ്‌കൂളിലെ സീഡ് പദ്ധതിക്ക് നിര്‍ലോഭ സഹകരണം നല്‍കി.
സീഡ് കോ-ഓര്‍ഡിനേറ്റര്‍ എ.സുരേഷ്‌കുമാറിന്റെ ഹരിതസ്വപ്നങ്ങളും പദ്ധതികളുമായിരുന്നു സ്‌കൂളിലെ സീഡിന്റെ ജീവന്‍.
പ്രിന്‍സിപ്പല്‍ സി.ടി.തോമസ്, ഹെഡ്മിസ്ട്രസ് സൂസന്‍ ഫിലിപ്പ്, പി.ടി.എ. പ്രസിഡന്റ് ജി.തുളസീധരന്‍ പിള്ള തുടങ്ങി സ്‌കൂളിലെ അധ്യാപക-അനധ്യാപകരും രക്ഷിതാക്കളും സീഡിന് തുണയായി എപ്പോഴും ഉണ്ടായിരുന്നു.