അമ്പലപ്പുഴ: ജൈവവൈവിധ്യങ്ങളുടെ കലവറയായ വണ്ടാനം കാവിൽ ഇനി കുട്ടികൾ നട്ട തൈകളും തണലാകും. മാതൃഭൂമി സീഡ് പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായാണ് സാമൂഹ്യവനവത്കരണ വിഭാഗം നൽകിയ 250 ഓളം കാവിന് അനുയോജ്യമായ തൈകൾ കുട്ടികൾ നട്ടത്. ഫലക്കായകൾ കാവിൽ വിതറുകയും ചെയ്തു. നീർക്കുന്നം എസ്.ഡി.വി. സർക്കാർ യു.പി.സ്‌കൂളിൽനിന്ന് മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികളും അധ്യാപകരും കാവുസംരക്ഷണയാത്രയായാണ് എത്തിയത്. പ്രകൃതി സ്‌നേഹമുദ്രാവാക്യങ്ങളെഴുതിയ പ്ലക്കാർഡുകൾ പിടിച്ചാണ് കുട്ടികൾ ചടങ്ങിൽ പങ്കെടുത്തത്. പരിസ്ഥിതി പ്രവർത്തനങ്ങളിൽ മാതൃകയായ ദേവകിയമ്മ, മകൾ തങ്കമണി ടീച്ചർ, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി. ധ്യാനസുതൻ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.പി. കൃഷ്ണദാസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.