ഹരിതവിജയമൊരുക്കി വാക്കനാട് ഗവ.എച്ച്.എസ്.എസ്.

Posted By : klmadmin On 4th August 2013


എഴുകോണ്‍:സമൂഹനന്മ കുട്ടികളിലൂടെ എന്ന മുദ്രാവാക്യം ഏറ്റെടുത്ത് വാക്കനാട് ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ച മാതൃഭൂമി സീഡ് പദ്ധതി വിത്തും വളവും നല്‍കിയത് ഈ കൊച്ചുഗ്രാമത്തിന്റെ തന്നെ ഹരിതസ്വപ്നങ്ങള്‍ക്കാണ്.
അതുകൊണ്ടുതന്നെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയത്തിനുള്ള മൂന്നാം സ്ഥാനം വാക്കനാട് സ്‌കൂളിനെ തേടിയെത്തിയപ്പോള്‍ സ്‌കൂളിലെ സീഡ് കുടുംബത്തിനൊപ്പം നാടിനും അത് അഭിമാനമുഹൂര്‍ത്തമായി.
സ്‌കൂള്‍ അങ്കണത്തില്‍ ചെന്തെങ്ങിന്റെ തൈനട്ടും ഹരിത ഇന്ത്യ ഒരുക്കിയുമാണ് സീഡ് പ്രവര്‍ത്തനം തുടങ്ങിയത്. കുട്ടികളെ പത്ത് ബ്രിഗേഡുകളായി തിരിച്ച് സീഡ് പോലീസിന് രൂപം നല്‍കി. രക്ഷിതാക്കളുടെ സമ്മതപത്രം വാങ്ങുകവഴി സീഡിന്റെ ഹരിതസന്ദേശം അവരിലും എത്തിച്ചു.
സ്‌കൂളിന്റെ വിശാലമായ ടെറസ്പച്ചക്കറിത്തോട്ടമായി. കൃഷിവിളകളെയും രീതികളെയും കുറിച്ച് അറിവ് പങ്കിട്ടുകൊണ്ടായിരുന്നു വിത്തിടല്‍. വിളവ് സ്‌കൂളിലെ ഉച്ചഭക്ഷണശാലയ്ക്ക് മുതല്‍ക്കൂട്ടായി. പരിസരവാസികളും പൂര്‍വവിദ്യാര്‍ത്ഥികളും സീഡിനായി കൈകോര്‍ത്തു. പരിസ്ഥിതിയുടെയും കായല്‍ സംരക്ഷണത്തിന്റെയും സന്ദേശം ഉയര്‍ത്തി ശാസ്താംകോട്ട കായല്‍ത്തീരത്തേക്ക് നടത്തിയ സൈക്കിള്‍ റാലി ശ്രദ്ധേയമായി. വഴിയോരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടും അതിന്റെ പരിപാലനത്തിന് പ്രദേശവാസികളെ ചുമതലപ്പെടുത്തിക്കൊണ്ടുമായിരുന്നു റാലി.
രാമച്ചം, തേക്ക്, വാക, സീതപ്പഴം, മുള, പേര എന്നിവ ഉള്‍പ്പെടെ എഴുപതോളം തൈകള്‍ സോഷ്യല്‍ ഫോറസ്ട്രി വകുപ്പ് സ്‌കൂളിന് നല്‍കി. വലിച്ചെറിയപ്പെടുന്ന പ്ലാസ്റ്റിക് പാഴ്‌വസ്തുക്കള്‍ ഉപയോഗിച്ച് കരകൗശല വസ്തുനിര്‍മ്മാണത്തിലും കൂണ്‍കൃഷിയിലും പരിശീലനവും, മദ്യമയക്കുമരുന്ന് വിപത്തുകള്‍ക്കെതിരെ സെമിനാറുകളും നടത്തി. നിരവധി മത്സരങ്ങളും സംഘടിപ്പിച്ചു.സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ കെ.എന്‍.ഉഷയും എസ്.ബിസ്മില്ലാഖാനും സ്‌കൂളിന്റെ വിജയത്തില്‍ മുഖ്യപങ്കാളികളായി. പ്രധാനാധ്യാപികയായ എം.കെ.ശ്യാമളകുമാരി നിര്‍ലോഭമായ പിന്‍തുണ നല്‍കി.
പ്രിന്‍സിപ്പല്‍ പി.സുരേന്ദ്രനാഥിന്റെ കര്‍മ്മോത്സുകതയും ഈ പച്ചപ്പിന്റെ ഉത്സവത്തില്‍ നിര്‍ണ്ണായകമായിരുന്നു.