തൃക്കോതമംഗലം: എന്‍.എസ്.എസ്. യു.പി.സ്‌കൂളില്‍ സീഡ് പ്രവര്‍ത്തനത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'ഒരുപിടി മണ്ണ് ഒരു നാവിന്' എന്ന പദ്ധതി പി.ടി.എ.വൈസ് പ്രസിഡന്റ് ജോസഫ് കുര്യന്‍ ഉദ്ഘാടനം ചെയ്തു. അന്താരാഷ്ട്ര മണ്ണ്വര്‍ഷം പ്രമാണിച്ച് മണ്ണ് കര്‍ഷകഹൃദയമായും മരം പ്രകൃതിയുടെ വരദാനമായും പ്രകൃതി സംരക്ഷണം 'മനസ്സാ'യും സങ്കല്പിച്ചുള്ള പ്രവര്‍ത്തനത്തിനാണ് സ്‌കൂളില്‍ ഇക്കുറി ഊന്നല്‍ നല്‍കുന്നത്.
വീടും വിദ്യാലയവും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് കുട്ടികള്‍ വീട്ടില്‍നിന്ന് ഒരുപിടി മണ്ണും ഒരു വൃക്ഷത്തൈയും സ്‌കൂളിലെത്തിച്ചു. വിദ്യാലയാങ്കണത്തില്‍ പൂര്‍വവിദ്യാര്‍ഥി എ.ജെ.ജോണ്‍ വൃക്ഷത്തൈ നട്ടു. സീഡിന്റെ പ്രവര്‍ത്തനോദ്ഘാടനം പ്രഥമാധ്യാപകന്‍ എസ്.വിനോദ്കുമാര്‍ നിര്‍വഹിച്ചു. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ജയശ്രീ, ലത എന്‍.നായര്‍, പ്രീത എസ്.നായര്‍, പി.പി.അനില്‍കുമാര്‍, സരസ്വതിയമ്മ, വിദ്യാര്‍ഥി പ്രതിനിധികളായ നീതുലാല്‍, അഭിരാമി സുരേഷ്, ആര്യമോള്‍, ബില്‍ഫി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.