കുരുന്നുകൈകളില്‍ ഇലകളും മരങ്ങളും തളിരിട്ടു ഏഴാംവര്‍ഷത്തില്‍ സീഡിന് ഹരിതാഭമായ തുടക്കം

Posted By : pkdadmin On 6th June 2015


മലന്പുഴ: പ്രകൃതിയുടെ നിറങ്ങളില്‍ മുങ്ങിയ കുഞ്ഞുകൈകള്‍ പതിഞ്ഞപ്പോള്‍ മരത്തില്‍ ഇലകള്‍ തളിരിട്ടു. പ്രകൃതിക്ക് കുടപിടിക്കാന്‍ പിന്നീട് ആ കൈകള്‍തന്നെ മാന്തോപ്പില്‍ വൃക്ഷത്തൈകളും വെച്ചു. പുതിയ അധ്യയനവര്‍ഷത്തിലേക്ക് കൊച്ചു പരിസ്ഥിതി പ്രവര്‍ത്തകരെ ഒരുക്കുന്നതിനായി 'പ്രകൃതിക്കൊരു കൈയൊപ്പ്' എന്നപേരില്‍ മാതൃഭൂമി സീഡ് സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനവേദി ആവേശം തുളുമ്പിയ കാഴ്ചയായി. മലമ്പുഴയില്‍ നടന്ന പരിപാടി ഏഴുവര്‍ഷം മുമ്പൊരു പരിസ്ഥിതിദിനത്തില്‍ മാതൃഭൂമി ആരംഭിച്ച സീഡ് പദ്ധതി കൂടുതല്‍ ഉത്തരവാദിത്വത്തോടെ കര്‍മനിരതമാവുകയാണെന്ന സന്ദേശമാണ് പകര്‍ന്നത്. 
മണ്ണുവര്‍ഷമായി പ്രഖ്യാപിക്കപ്പെട്ട 2015ല്‍ മണ്ണിനെ സ്‌നേഹിക്കുന്ന പദ്ധതികളോടെയാണ് സീഡ് പ്രവര്‍ത്തനത്തിന് ഉദ്യാനകവാടത്തില്‍ തുടക്കംകുറിച്ചത്. തുണിബോര്‍ഡില്‍ തീര്‍ത്ത മരച്ചില്ലകളില്‍ മണ്ണില്‍ മുക്കിയ കൈപ്പത്തി ഇലത്തലപ്പാക്കി സിനിമാതാരം അനുമോളാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പിന്നാലെ കുരുന്നുകളും മരച്ചില്ലയ്ക്ക് മണ്ണിന്റെ മണമുള്ള ഇലത്തലപ്പുകള്‍ ചാര്‍ത്തിക്കൊടുത്തു. നട്ടുപിടിപ്പിക്കുന്ന മരങ്ങളെ സംരക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ആവശ്യമെന്ന് അനുമോള്‍ പറഞ്ഞു. ചെളിപുരളുമെന്നതിനാല്‍ മുന്പ് മരം നടാന്‍ താന്‍ മടിച്ചിരുന്നു. ഇപ്പോള്‍ അതില്‍ വിഷമം തോന്നുന്നു. നട്ടമരം വലുതായി മാറുമ്പോള്‍ അത് ചൂണ്ടിക്കാട്ടി ഭാവിയില്‍ നമുക്ക് അഭിമാനിക്കാന്‍ കഴിയും-അനുമോള്‍ പറഞ്ഞു.
മണ്ണിന്റെ സ്​പര്‍ശമറിഞ്ഞ് വളരാന്‍ കൊതിക്കുന്ന നൂറുകണക്കിന് കുരുന്നുകള്‍ പിന്നീട് മലന്പുഴയിലെ മാന്തോപ്പിലെത്തി 500 വൃക്ഷത്തെകള്‍ വെച്ചുപിടിപ്പിച്ചു.
മലന്പുഴ ജവഹര്‍ നവോദയ വിദ്യാലയ, മലന്പുഴ ഗവ. ഹൈസ്‌കൂള്‍, മലന്പുഴ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, മലന്പുഴ ആശ്രമം സ്‌കൂള്‍, ഒലവക്കോട് കേന്ദ്രീയ വിദ്യാലയ, കല്ലേക്കാട് ഭാരതീയ വിദ്യാനികേതന്‍ സ്‌കൂള്‍ ഓഫ് ടീച്ചര്‍ എഡ്യുക്കേഷന്‍ എന്നിവിടങ്ങളില്‍നിന്നുള്ള വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. 
പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ. അബൂബക്കര്‍ സംസാരിച്ചു. സാമൂഹിക പ്രതിബദ്ധതയുള്ള മാതൃഭൂമി, സ്‌കൂളുകളില്‍ നടപ്പാക്കുന്ന പദ്ധതി അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. മാതൃഭൂമി ന്യൂസ് എഡിറ്റര്‍ പി.കെ. സുരേന്ദ്രന്‍ അധ്യക്ഷനായി. 
ഇറിഗേഷന്‍ മലന്പുഴ ഡിവിഷന്‍ എക്‌സി. എന്‍ജിനിയര്‍ ആര്‍. സഞ്ജീവന്‍ പച്ചക്കറിവിത്തുകള്‍ കൈമാറി. പ്രകൃതിക്കൊരു കൈയൊപ്പ് ചാര്‍ത്തിയ കലാസൃഷ്ടി ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ സിന്ധു ആര്‍.എസ്. നായര്‍ ഏറ്റുവാങ്ങി. ഡിവിഷണല്‍ ഫോറസ്റ്റോഫീസര്‍ സൈനുല്‍ ആബിദീന്‍ കെ.എ., അസി. എക്‌സി. എന്‍ജിനിയര്‍ ഷീന്‍ചന്ദ്, അസി. എന്‍ജിനിയര്‍ ദേവകുമാര്‍ കെ., ഡി.ടി.പി.സി. സെക്രട്ടറിയുടെ ചുമതലവഹിക്കുന്ന കെ. വിജയകുമാര്‍, എസ്.ഐ. അരവിന്ദാക്ഷന്‍, മാതൃഭൂമി യൂണിറ്റ് മാനേജര്‍ എസ്. അമല്‍രാജ്, സര്‍ക്കുലേഷന്‍ മാനേജര്‍ സജി കെ. തോമസ് എന്നിവര്‍ സംസാരിച്ചു. വൃക്ഷത്തൈ നടീലിനും അനുമോളാണ് തുടക്കംകുറിച്ചത്.