കൊട്ടാരക്കര: കൂട്ടുകാരിലും സമൂഹത്തിലും സ്‌നേഹത്തിന്റെയും നന്മയുടെയും വിത്തെറിഞ്ഞാണ് കാര്‍മല്‍ സ്‌കൂള്‍ മാതൃഭൂമി സീഡ് പദ്ധതിയില്‍ മികവ് തെളിയിച്ചത്.
പരിസ്ഥിതി ദിനത്തില്‍ സ്‌കൂള്‍ അങ്കണത്തില്‍ ഫലവൃക്ഷത്തൈകള്‍ നട്ട് പ്രിന്‍സിപ്പല്‍ സി.എ.ബീന തുടക്കമിട്ട സീഡ് പ്രവര്‍ത്തനങ്ങള്‍ നന്മയായി നാടാകെ പരന്നു. റോഡ് പുനരുദ്ധാരണത്തിനും നെല്‍വയല്‍ സംരക്ഷണത്തിനും കാര്‍മലിലെ സീഡ് പോലീസ് മുന്നിട്ടിറങ്ങിയപ്പോള്‍ നാട്ടുകാരും സഹയാത്രികരായി. സ്‌കൂള്‍ പരിസരം മാത്രമല്ല, കുട്ടികളുടെ വീടുകളിലും വൃക്ഷത്തൈകള്‍ നട്ട് സീഡിന്റെ സന്ദേശം വീടുകളിലും എത്തിച്ചു. വിദ്യാര്‍ഥികളുടെ ജന്മദിനം സ്‌കൂള്‍വളപ്പില്‍ ഒരു ചെടിനട്ട് അവര്‍ ആഘോഷിച്ചു. അങ്ങനെ ജന്മദിനത്തോട്ടവും ചങ്ങാതിച്ചെടിത്തോട്ടവും കാര്‍മലിന് അഴകായി.
നാടിന് വിപത്തായ മദ്യത്തിനും ലഹരിപദാര്‍ഥങ്ങള്‍ക്കുമെതിരെ ബോധവത്കരണത്തിന് സീഡ് അംഗങ്ങള്‍ മുന്നിട്ടിറങ്ങി.
പറയാട്ട് ഏലായില്‍ പച്ചപ്പ് തിരികെ എത്തിച്ചതാണ് പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും ശ്രദ്ധേയം. തരിശുകിടന്ന ഏലായില്‍ കുരുന്നുകൈകള്‍ വിതച്ച വിത്ത് നൂറുമേനി വളര്‍ന്നപ്പോള്‍ പറയാട്ട് ഏലായില്‍ തിരികെ എത്തിയത് മണ്‍മറഞ്ഞ കാര്‍ഷികസമൃദ്ധി ആിരുന്നു. പച്ചക്കറിക്കൃഷി, ഔഷധത്തോട്ടം, കൂണ്‍കൃഷി എന്നിവയിലെല്ലാം സീഡ് അംഗങ്ങള്‍ കൈകോര്‍ത്തു. സ്‌കൂള്‍ മുറ്റത്തെ കുളത്തില്‍ അലങ്കാര മത്സ്യങ്ങള്‍ക്ക് ഇടമേകി.
കൃഷിയിലും സ്‌കൂള്‍ വളപ്പിലും ഒതുങ്ങുന്നതായിരുന്നില്ല കാര്‍മലിന്റെ സീഡ് പ്രവര്‍ത്തനങ്ങള്‍.
വയോജനങ്ങള്‍ക്ക് താങ്ങായി വയോജന പെന്‍ഷന്‍ പദ്ധതിയും സൗജന്യ മെഡിക്കല്‍ ക്യാമ്പും നടത്തി.
സ്‌കൂള്‍ പരിസരത്തുണ്ടായിരുന്ന ഉപയോഗശൂന്യമായ കിണര്‍ മഴവെള്ള സംഭരണിയാക്കിയതും ഒന്നും മാലിന്യമല്ല എന്ന സന്ദേശമേകി പ്ലാസ്റ്റിക് വസ്തുക്കളെ അലങ്കാരവസ്തുക്കളാക്കി മാറ്റിയതും നാടിനുതന്നെ മാതൃകയായി. ഊര്‍ജ്ജസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും കുട്ടികള്‍ മുന്നിട്ടിറങ്ങി. സി.ബി.എസ്.ഇ. ശാസ്ത്രപ്രദര്‍ശനത്തില്‍ സീഡ് വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച ഓട്ടോമാറ്റിക് സോളാര്‍ ട്രാക്കിങ് സിസ്റ്റം ഏറെ പ്രശംസ നേടിയിരുന്നു.
തിരുവനന്തപുരത്തും ചവറയിലും ആര്‍.സി.സി.യിലും സീഡ് അംഗങ്ങള്‍ നടത്തിയ സേവനപ്രവര്‍ത്തനങ്ങള്‍ എല്ലാറ്റിനുമപ്പുറം സഹജീവികളോടുള്ള കുട്ടികളുടെ കരുതലും സ്‌നേഹവുമായിരുന്നു. കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്‌കൂളായി കാര്‍മല്‍ മാറുമ്പോള്‍ അതിനുപിന്നില്‍ വിദ്യാര്‍ഥികളുടെ സമര്‍പ്പണമുണ്ട്. പ്രിന്‍സിപ്പലിന്റെയും സ്‌കൂള്‍ അധികാരികളുടെയും അധ്യാപകരുടെയും ആത്മാര്‍ഥതയുണ്ട്. എല്ലാറ്റിനും ചുക്കാന്‍ പിടിച്ച സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആര്‍.ശാലിനിയുടെ അര്‍പ്പണബോധവുമുണ്ട്.