'ഒരു മരം ഒരു തണല്‍' പദ്ധതിക്ക് അടൂരില്‍ തുടക്കം
അടൂര്‍: വിദ്യാര്‍ത്ഥികളിലൂടെ നന്മയുടെയും സേവനത്തിന്റെയും മാതൃകകള്‍ നാടിന് പകര്‍ന്നു നല്കിയ മാതൃഭൂമി സീഡിനൊപ്പം ഇനി അടൂരില്‍ ജനമൈത്രി പോലീസും റസിഡന്റ്‌സ് അസോസിയേഷനുകളും കുടുംബശ്രീ യൂണിറ്റുകളും കൈകോര്‍ക്കുന്നു. പരിസ്ഥിതിദിനമായ
വെള്ളിയാഴ്ച ജനങ്ങളില്‍ പരിസ്ഥിതിസംരക്ഷണവും അവബോധവും വളര്‍ത്തുന്നതിനായി 'ഒരു മരം ഒരു തണല്‍' പദ്ധതിയിലൂടെയാണ് ഈ കൂട്ടായ്മ. ഒരുവര്‍ഷക്കാലം നീണ്ടുനില്‍ക്കുന്ന പരിസ്ഥിതി ബോധവല്‍ക്കരണ സൗഹൃദ, തൊഴില്‍പരിശീലന പരിപാടികളും പദ്ധതിയുടെ ഭാഗമായി അടൂരില്‍ നടപ്പാക്കും. സീഡ് പദ്ധതിയിലൂടെ ഒരു പുതിയ സന്ദേശം നാടിന് പകര്‍ന്ന് നല്കിയ പറക്കോട് പി.ജി.എം. (അമൃതാ) ബോയ്‌സ് സ്‌കൂളില്‍ വച്ച് വെള്ളിയാഴ്ച രാവിലെ 9.30ന് ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്യും. പരിസ്ഥിതിസന്ദേശ റാലി നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍ തോമസ് ഫ്‌ലാഗ് ഓഫ് ചെയ്യും. 'ഒരു മരം ഒരു തണല്‍' പദ്ധതി ജനമൈത്രി സമിതി ചെയര്‍മാന്‍
തോമസ് ജോണ്‍ ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി സന്ദേശവും ബൈപ്പാസില്‍ തണല്‍വൃക്ഷങ്ങളുടെ നടീലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.നന്ദകുമാര്‍ നിര്‍വഹിക്കും. അടൂരിലെ മുഴുവന്‍ റസിഡന്റ്‌സ് അസോസിയേഷനുകള്‍ക്കും പറക്കോട് പി.ജി.എം.(അമൃതാ) ബോയ്‌സ് സ്‌കൂളിലെ സീഡ് ക്ലബ് വനം വകുപ്പ് സോഷ്യല്‍ ഫോറസ്ട്രിയുമായി ചേര്‍ന്ന് തണല്‍മരത്തെകളും കൈമാറും.