സീഡ് ഏഴാം വര്‍ഷത്തിലേക്ക്; ജില്ലാതല ഉദ്ഘാടനം നാളെ കാണക്കാരിയില്‍

Posted By : ktmadmin On 4th June 2015


കോട്ടയം: കുട്ടികള്‍ നയിക്കുന്ന ഏഷ്യയിലെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ കൂട്ടായ്മയായ മാതൃഭൂമി 'സീഡ്' വിജയകരമായ ഏഴാം വര്‍ഷത്തിലേക്ക്. ഇക്കൊല്ലത്തെ സീഡ് പ്രവര്‍ത്തനത്തിന്റെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ വെള്ളിയാഴ്ച കാണക്കാരി ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍!ഡറി സ്‌കൂളില്‍ നടക്കും. രാവിലെ 10ന് കോട്ടയം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ജെസ്സി ജോസഫ് സമ്മേളനം ഉദ്ഘാടനം ചെയ്യും. 2015-16 വര്‍ഷത്തെ ജില്ലാതല സീഡ് പ്രവര്‍ത്തനോദ്ഘാടനം കഴിഞ്ഞവര്‍ഷത്തെ ജെം ഓഫ് സീഡ് പുരസ്‌കാരം നേടിയ ജിനുമോള്‍ വര്‍ഗീസ് നിര്‍വഹിക്കും. മാതൃഭൂമി ചീഫ് സബ് എഡിറ്റര്‍ എസ്.ഡി.സതീശന്‍ നായര്‍ അധ്യക്ഷത വഹിക്കും. ഫെഡറല്‍ ബാങ്ക് റീജണല്‍ ഹെഡ് ടോം തോമസ് തെക്കേല്‍ മുഖ്യപ്രഭാഷണം നടത്തും. വനംവകുപ്പ് റെയ്ഞ്ച് ഓഫീസര്‍ സുരേഷ് ബാബു.ഐ.എസ്., കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സി.ഗീത, ഗ്രാമപ്പഞ്ചായത്തംഗം കാണക്കാരി അരവിന്ദാക്ഷന്‍, പി.ടി.എ. പ്രസിഡന്റ് മുഹമ്മദ് ജലീല്‍, പ്രിന്‍സിപ്പല്‍ ലിജിയ ജോസ് എം.ജെ., മാതൃഭൂമി എക്‌സിക്യൂട്ടീവ് സോഷ്യല്‍ ഇനിഷ്യേറ്റീവ് റോണി ജോണ്‍ എന്നിവര്‍ പ്രസംഗിക്കും. 
അന്താരാഷ്ട്ര മണ്ണുവര്‍ഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പ്രകൃതിക്കൊരു കൈയൊപ്പ്' പരിപാടിയുടെ ഉദ്ഘാടനവും വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ നിര്‍വഹിക്കും. സീഡ് തീംസോങ്ങോടെയാണ് ചടങ്ങുകള്‍ ആരംഭിക്കുക. സീഡ് പ്രവര്‍ത്തനങ്ങളില്‍ ഭാഗമാകാന്‍ താല്പര്യമുള്ള സ്‌കൂളുകള്‍ 9809314586 എന്ന നമ്പരില്‍ ബന്ധപ്പെടണം.