ചാത്തന്നൂര്‍: പ്രൗഢമായ സദസ്സില്‍ രക്ഷാകര്‍ത്താക്കളെയും അധ്യാപകരെയും ജനപ്രതിനിധികളെയും സാക്ഷിയാക്കി വിദ്യാര്‍ഥികള്‍ മാതൃഭൂമി സീഡ് പദ്ധതിക്ക് തുടക്കംകുറിച്ചു. വരിഞ്ഞം കെ.കെ.പി.എം. യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് വേറിട്ടൊരു സന്ദേശവുമായി 'സീഡ്' പദ്ധതിയുടെ സ്‌കൂളിലെ പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറിക്കൃഷിയുടെ മഹത്വം ജനഹൃദയങ്ങളിലെത്തിക്കാനുള്ള ശ്രമവും അതിന്റെ ആവശ്യകത രക്ഷാകര്‍ത്താക്കളെയും നാട്ടുകാരെയും ബോധ്യപ്പെടുത്താനുള്ള അവസരവുമായാണ് കുരുന്നുകുട്ടികള്‍ രംഗത്തെത്തിയത്.
സ്‌കൂളിലെ 237 കുടുംബങ്ങളിലേക്കാണ് പച്ചക്കറിക്കൃഷി വ്യാപിപ്പിക്കുന്നത്. വിദ്യാര്‍ഥികള്‍ സമൂഹനന്മയിലേക്ക് ഒരുപടികൂടി അടുക്കുകയാണെന്ന് സീഡ് പദ്ധതി ഉദ്ഘാടനം ചെയ്ത ചാത്തന്നൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ് പറഞ്ഞു. ഗ്രാമപ്പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ എം.ഇക്ബാല്‍ അധ്യക്ഷനായിരുന്നു. നിരവധി രക്ഷാകര്‍ത്താക്കളും സാമൂഹികപ്രവര്‍ത്തകരും ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുത്തു. വിനോദ്, ബാജി, ബൈജു, പ്രഥമാധ്യാപിക ദേവികറാണി തുടങ്ങിയവര്‍ പ്രസംഗിച്ചു. മാതൃഭൂമി ലേഖകന്‍ പ്രദീപ് ചാത്തന്നൂര്‍, സെയില്‍സ് പ്രൊമോട്ടര്‍ മുരളീധരന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.