ലക്കിടി: സ്വന്തം വിയര്‍പ്പൊഴുക്കി വയലില്‍ വിളയിച്ചെടുത്ത നെല്ല് കുത്തി അരിയാക്കി ചോറ് വിളമ്പിയപ്പോള്‍ ഈ കുട്ടികളുടെ മുഖത്ത് അഭിമാനമായിരുന്നു. പേരൂര്‍ എ.എസ്.ബി. സ്‌കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിളയിച്ചെടുത്ത നെല്ലാണ് ചോറാക്കി കുട്ടികളുടെ ഇലകളില്‍ വിളമ്പിയത്. രാസവളം തൊടാതെ കുട്ടികള്‍ വിളയിച്ചെടുത്ത നെല്ലിന്റെ ചോറുവിളമ്പാന്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷൗക്കത്തലിയുമെത്തി.
ഓരാമ്പള്ളത്ത് ലീലാവതിയുടെ 65 സെന്റ് വയലിലാണ് കുട്ടികള്‍ പരീക്ഷണാര്‍ഥം വിളയിറക്കിയത്. 'ഉമ' നെല്ലാണ് വിളയിച്ചത്. കൊയ്‌തെടുത്തപ്പോള്‍ 163 പറ നെല്ല്. സമീപവയലുകളിലെല്ലാം പന്നിശല്യമുണ്ടായപ്പോള്‍ കുട്ടികളുടെ കൃഷിയെ പന്നികളും വെറുതെവിട്ടു. സ്വന്തം അധ്വാനത്തിന്റെ ഫലമുണ്ണാന്‍ സ്‌കൂളില്‍ കുട്ടികള്‍ക്ക് സദ്യതന്നെ ഒരുക്കിയിരുന്നു. അവിയലും അച്ചാറും പപ്പടവുമൊക്കെയുള്ളൊരു സദ്യ.
രാസവളവും കീടനാശിനികളും പാടെ മാറ്റിനിര്‍ത്തിയാലും നല്ലവിളവ് ലഭിക്കുമെന്നതിന് ദൃഷ്ടാന്തമായി കുട്ടികള്‍ക്ക് കിട്ടിയ വിളവ്.
പ്രധാനാധ്യാപിക സി.ജി. ശോഭ, പി.ടി.എ. പ്രസിഡന്റ് യു.പി. രവി, മാതൃസംഗമം പ്രസിഡന്റ് യു. വാഹിദ, സ്‌കൂള്‍വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ. ശ്രീനി, ഉപാധ്യക്ഷന്‍ കെ. ഭാസ്‌കരന്‍നായര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി. മുജീബ്, പി. സജിത്, ഒ. ലീലാവതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.