ലോക ജലദിനത്തോടനുബന്ധിച്ച് തമ്പകച്ചുവട് യു.പി.സ്‌കൂളിലെ കുട്ടികള്‍
പൊതുകുളത്തിന് ചുറ്റും തീര്‍ത്ത ജലസുരക്ഷാകവചം
കലവൂര്‍: ജലസ്രോതസ്സുകളെ സംരക്ഷിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി കുരുന്നുകള്‍ ജലസുരക്ഷാകവചം തീര്‍ത്തു. ജീവന്റെ നിലനില്‍പ്പിന് ജലത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തിക്കൊണ്ടാണ് ലോക ജലദിനത്തോടനുബന്ധിച്ച് തമ്പകച്ചുവട് ഗവ. യു.പി.സ്‌കൂളിലെ കുട്ടികള്‍ പൊതുകുളത്തിന് ചുറ്റും അണിനിരന്ന് ജലസുരക്ഷാകവചം തീര്‍ത്തത്.
ജിലമലിനീകരണത്തെപ്പറ്റി മറ്റുള്ളവരെ ബോധവത്കരിക്കുമെന്നും ജലത്തിന്റെ ഗുണനിലവാരം ഉയര്‍ത്താന്‍ പരിശ്രമിക്കുമെന്നും കുട്ടികള്‍ സ്‌കൂളില്‍ നടന്ന ചടങ്ങില്‍ പ്രതിജ്ഞ ചെയ്തു. ആര്യാട് ബ്ലോക്ക് പഞ്ചായത്തും തമ്പകച്ചുവട് യു.പി. സ്‌കൂളിലെ മാതൃഭൂമി സീഡ്ക്ലബ്ബും ചേര്‍ന്നാണ് പരിപാടി നടത്തിയത്. ഇല്ലിമുളം തൈകള്‍ ബ്ലോക്ക് അധികൃതര്‍ സ്‌കൂളിന് നല്‍കി. ചടങ്ങില്‍ സ്‌കൂള്‍ വികസനസമിതി ചെയര്‍മാന്‍ ഡി. ദിലീപ്കുമാര്‍ അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ വേണു പി.ജി. സ്വാഗതവും ലൈലാബീവി നന്ദിയും പറഞ്ഞു. ആര്യാട് ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ കെ.എസ്. സനല്‍കുമാര്‍, ജോസ് ആലപ്പുഴ, സീഡ് എക്‌സിക്യൂട്ടീവ് അമൃത സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.