സഹപാഠിയുടെ ചികിത്സയ്ക്ക് അരലക്ഷം കണ്ടെത്തി മഞ്ഞപ്ര ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍

Posted By : pkdadmin On 21st March 2015


 മഞ്ഞപ്ര: മഞ്ഞപ്ര പി.കെ. ഹൈസ്‌കൂളിലെ കുരുന്നുകൈകള്‍ ഒരുമിച്ചുചേര്‍ന്ന് സഹപാഠിയുടെ ചികിത്സയ്ക്കുള്ള തുക സമാഹരിച്ചു. മഞ്ഞപ്ര പി.കെ. ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥി ആര്‍. രഞ്ജിത്തിന് ഹൃദയവാല്‍വ് തകരാറിലാണ്. ശസ്ത്രക്രിയയ്ക്ക് അരലക്ഷം രൂപയാണ് സഹപാഠികളും അധ്യാപകരും പി.ടി.എ.യും ചേര്‍ന്ന് സമാഹരിച്ചത്.
മണപ്പാടം മലങ്കാട്ടില്‍ വാടകവീട്ടിലാണ് രഞ്ജിത്ത് കഴിയുന്നത്. അച്ഛന്‍ രവീന്ദ്രനും അസുഖമുള്ളയാളാണ്. അമ്മ അജിത കൂലിവേല ചെയ്താണ് കുടുംബം പോറ്റുന്നത്. പ്ലസ്ടുവില്‍ പഠിക്കുന്ന രഞ്ജിത, ആറാം ക്ലാസില്‍ പഠിക്കുന്ന അമൃത എന്നിവര്‍ രഞ്ജിത്തിന്റെ സഹോദരിമാരാണ്. ഇവരുടെ ദുരിതത്തെക്കുറിച്ച് 'മാതൃഭൂമി' വാര്‍ത്ത കൊടുത്തിരുന്നു.
ഹൃദയവാല്‍വ് മാറ്റിവെക്കാന്‍ കൊച്ചി അമൃത ആസ്​പത്രി ഡോക്ടര്‍മാര്‍ മൂന്ന് ലക്ഷത്തോളം ചെലവുവരുമെന്നാണ് പറഞ്ഞിരിക്കുന്നത്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബ്, റെഡ് ക്രോസ് സൊസൈറ്റി, ഹെല്‍ത്ത് ക്ലബ്ബ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ആര്‍ട്‌സ് ക്ലബ്ബ് എന്നിവ ചേര്‍ന്നാണ് തുക സമാഹരിച്ചത്.
രഞ്ജിത്തിന്റെ ചികിത്സയ്ക്കായി നാട്ടുകാര്‍ രഞ്ജിത്ത് ചികിത്സാസഹായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. കെ.കെ. രാജേന്ദ്രന്‍ ചെയര്‍മാനായും കെ. ജയപ്രകാശന്‍ കണ്‍വീനറായുമുള്ള കമ്മിറ്റി പഞ്ചാബ് നാഷണല്‍ ബാങ്ക് മഞ്ഞപ്ര ശാഖയില്‍ 4310000100058910 എന്ന നമ്പറില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. IFSC കോഡ് PUNB 0431000. 
സ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് ടി. കണ്ണന്‍ രഞ്ജിത്തിന്റെ അമ്മ അജിതയ്ക്ക് തുക കൈമാറി. പ്രധാനാധ്യാപകന്‍ കെ. ഉദയകുമാര്‍, സ്റ്റാഫ് സെകട്ടറി എ.സി. നിര്‍മല, എം. ശിവദാസ്, ടി. ലളിത എന്നിവര്‍ സംസാരിച്ചു.