പൂമംഗലത്തെ വിദ്യാര്‍ഥികള്‍ 'ആതിര' കൊയ്തു

Posted By : knradmin On 20th March 2015


 

 
തളിപ്പറമ്പ്: 'നിങ്ങളുടെ നാട്ടിലിപ്പോള്‍ എന്തെല്ലാമാണെടോ പണി?' കൊയ്ത്തുപാട്ടിന്റെ ഈണത്തില്‍ മോളി ടീച്ചറുടെ ചോദ്യം. 'ഞങ്ങളുെട നാട്ടിലിപ്പോള്‍ കൊയ്യലാണെടോ പണി'. അതേ ഈണത്തില്‍ കുട്ടികളുടെ ഉത്തരവും. പൂമംഗലം യു.പി. സ്‌കൂള്‍ ഹരിതസേനയുടെയും സീഡ് ക്ലബ്ബിന്റെയും നേതൃത്വത്തില്‍ ചവനപ്പുഴ പാടശേഖരത്ത് നടന്ന കൊയ്ത്തുത്സവം കണ്ടുനിന്നവര്‍ക്കും ആസ്വാദ്യകരമായി. തേന്‍കൃഷിയിലൂടെ ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പൂമംഗലം യു.പി. സ്‌കൂളിന്റെ കന്നിനെല്‍ക്കൃഷിയായിരുന്നു. സീഡ് കോ ഓര്‍ഡിനേറ്റര്‍ സി.സത്യനാരായണന്റെ മേല്‍നോട്ടത്തില്‍ ഏഴാം തരത്തിലെ നൂറോളം വിദ്യാര്‍ഥികളാണ് പാടത്ത് നെല്‍ക്കൃഷിചെയ്തത്. കുറുമാത്തൂര്‍ പഞ്ചായത്ത് കൃഷിഭവനില്‍നിന്ന് സൗജന്യമായി ലഭിച്ച ആതിര നെല്‍വിത്താണ് കൃഷിക്ക് ഉപയോഗിച്ചത്. 
രണ്ടാം വിളയായി പത്ത് സെന്റിലധികം  കൃഷി ചെയ്തു. പ്രായം 80 കഴിഞ്ഞ കര്‍ഷക പാര്‍വതിയമ്മ, മറ്റ് മുതിര്‍ന്ന കര്‍ഷകരായ വി.ജാനകി, വി.കല്യാണി എന്നിവര്‍  നിര്‍ദേശങ്ങള്‍ നല്‍കി. ജൈവ വളവും, ഗോമൂത്രവുമാണ് കൃഷിക്കായി ഉപയോഗിച്ചത്. കൊയ്ത്തുത്സവം കുറുമാത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.യു.ത്രേസ്യാമ്മ ഉദ്ഘാടനം ചെയ്തു. പി.രമേശന്‍ അധ്യക്ഷത വഹിച്ചു. നെല്ല് കൊയ്‌തെടുക്കല്‍, കറ്റയാക്കല്‍, കറ്റ തല്ലി മെതിച്ച് നെല്ല് വേര്‍തിരിക്കല്‍ തുടങ്ങിയ ജോലികള്‍ കുട്ടികള്‍ കൊയ്ത്തുപാട്ടിന്റെ താളത്തിനൊത്ത് ചെയ്തുതീര്‍ത്തു. നെല്‍കൃഷിയിലൂടെ ലഭിച്ച വിളവുപയോഗിച്ച് സ്‌കൂളില്‍ വിഭവസമൃദ്ധമായ സദ്യയും പായസവും ഒരുക്കാനാണ് പദ്ധതി. ഒ.വി.ശോഭന, കെ.പി.ധനഞ്ജയന്‍, എം.ഐ.സാജു, അനുമോഹന്‍, സി.ഷീബ, ഒ.സി.സുഭാഷ്, വി.വി.ദാമോദരന്‍ എന്നിവര്‍ കുട്ടികള്‍ക്കൊപ്പം കൊയ്ത്തുത്സവത്തില്‍ പങ്കുചേര്‍ന്നു.