നഞ്ചില്ലാത്ത ഊണിനായി വിദ്യാര്‍ഥികള്‍ പാടത്ത്

Posted By : knradmin On 20th March 2015


 

 
കൂത്തുപറമ്പ്: നഞ്ചില്ലാത്ത ഊണിനായി പരീക്ഷത്തിരക്കിനിടയിലും കൃഷിയെ മറക്കാതെ കൂത്തുപറമ്പ് ഹൈസ്‌കൂളിലെ മാതൃഭൂമി സീഡ് പരിസ്ഥിതി ക്ലബ് അംഗങ്ങള്‍ വിത്തുനടാന്‍ പാടത്തെത്തി.
ഈ വര്‍ഷത്തെ കിഴങ്ങുവര്‍ഗവിളകളുടെ വിത്തുനടീല്‍ ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ പി.സി.ധന്‍രാജ് നിര്‍വഹിച്ചു. കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ എ.കെ.വിജയന്‍ അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസര്‍ സുജ കാരാട്ട്, പ്രഥമാധ്യാപിക പി.കെ.ചന്ദ്രമതി, പി.ടി.എ. പ്രസിഡന്റ് വി.വി.ദിവാകരന്‍ എന്നിവര്‍ സംസാരിച്ചു. അധ്യാപകരായ കുന്നുമ്പ്രോന്‍ രാജന്‍, എം.രാജേഷ്, രാഗേഷ് തില്ലങ്കേരി, വിദ്യാര്‍ഥികളായ സ്വീറ്റി സുന്ദര്‍, വര്‍ണരാജ്, അസറുദ്ദീന്‍, അഖിലേഷ്, സഞ്ജയ്, സാന്ദ്ര, അഞ്ജന, അമൃത, ജീഷ്മ, അനഘ, ജിഷ്ണ, അഭിജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
വരുംവര്‍ഷം ഉച്ചഭക്ഷണത്തിനുവേണ്ട വിഭവങ്ങള്‍ സ്‌കൂള്‍വളപ്പില്‍ തന്നെ കൃഷിച്ചെയ്യാനുള്ള പരിശ്രമത്തിലാണ് ഇവിടത്തെ വിദ്യാര്‍ഥികള്‍. ചേന, ചേമ്പ്, കാച്ചില്‍, പൊടിക്കിഴങ്ങ് എന്നിവയാണ് ഇപ്പോള്‍ കൃഷിചെയ്തത്. സംസ്ഥാനത്തെ മികച്ച കാര്‍ഷികവിദ്യാലയമായ കൂത്തുപറമ്പ് ഹൈസ്‌കൂള്‍ നെല്ലും പച്ചക്കറികളും കൂടാതെ വിവിധതരം കിഴങ്ങുവര്‍ഗങ്ങളും കൃഷിചെയ്യുന്നുണ്ട്. വിഷുവിനുശേഷം വിവിധതരം നെല്‍വിത്തുകള്‍, ഇഞ്ചി, മഞ്ഞള്‍ എന്നിവ കൃഷിചെയ്യാനുള്ള ഒരുക്കത്തിലാണ്. കൃഷിക്കാവശ്യമായ വെള്ളത്തിനു വയലില്‍ കുളം നിര്‍മിക്കുന്ന പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്.