കാസര്‌കോട്: ഇടത്തട്ടുകാരുടെ കര്ഷകചൂഷണത്തിനെതിരെ വിദ്യാലയമുറ്റത്ത് സമാന്തരവിപണിയൊരുക്കി വിദ്യാര്ഥികള്. മൊഗ്രാല്‍പുത്തൂര് ഗവ. ഹയര് സെക്കന്‍ഡറി സ്‌കൂളില് സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ജൈവകൃഷിയിലൂടെ വിളവെടുത്ത 20 ക്വിന്റല് വെള്ളരി സമാന്തരവിപണിയൊരുക്കി വിറ്റത്.
പച്ചക്കറിക്കടകളിലെല്ലാം ഒരുകിലോ വെള്ളരിക്ക് ചുരുങ്ങിയത് 14 രൂപ വിലയുണ്ടെങ്കിലും കര്ഷകന് ലഭിക്കുന്നത് മൂന്നോ നാലോ രൂപ മാത്രമാണ്. മൂന്ന് ഏക്കറില് വെള്ളരി കൃഷിചെയ്ത മൊഗ്രാല്‍പുത്തൂര് കുന്നിലെ കെ.മൊയ്തുവിന്റെ വെള്ളരിക്ക് ഉത്പാദനച്ചെലവുപോലും ലഭിക്കാതെ വില ഇടത്തട്ടുകാര് നിശ്ചയിച്ചപ്പോഴാണ് സ്‌കൂളിലെ സീഡ് ക്ലബ് പ്രവര്ത്തകര് ഇടപെട്ടത്. മിതമായ വിലയ്ക്ക് ഇടനിലക്കാരില്ലാതെ സ്‌കൂള് അങ്കണത്തില് ത്രാസ് വെച്ച് വെള്ളരി കുട്ടികള് വിറ്റുതീര്ത്തു. രക്ഷിതാക്കളും അധ്യാപകരും കുട്ടികളോടൊപ്പം വെള്ളരിവാങ്ങി.
തീര്ത്തും ജൈവകൃഷിയിലൂന്നിയുള്ള പൂത്തൂര് വെള്ളരി ഏറെ പ്രസിദ്ധമാണ്. നാട്ടിക്കണ്ടത്തില് ഒരു മീറ്റര് ആഴത്തില് കുഴിയെടുത്ത് ചാണകവും കടലപ്പിണ്ണാക്കും അടുക്കടുക്കായിട്ട് ചവിട്ടിക്കുഴച്ച് ഒരാഴ്ചകഴിഞ്ഞ് അടിവളമായി ചേര്ത്താണ് കൃഷി തുടങ്ങുക. പിന്നീട് രണ്ടാഴ്ച കഴിഞ്ഞും ഈ ജൈവവളം ചേര്ക്കും. വളം ചേര്ക്കുന്ന രണ്ടുതവണ മാത്രമാണ് വെള്ളമൊഴിക്കുക എന്നതാണ് കൗതുകകരം. മഞ്ഞിന് തുള്ളികളും മണ്ണിനടിയിലെ വെള്ളവും ചെടി വലിച്ചെടുക്കുമെന്നാണ് കര്ഷകര് പറയുന്നത്. ഇക്കാരണത്താല് പുത്തൂര് വെള്ളരി ഏറെക്കാലം കേടില്ലാതെയിരിക്കും.
പ്രഥമാധ്യാപകന് ഡി.മഹാലിംഗേശ്വര രാജ് വെള്ളരിവില്പന ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡന്റ് പി.ബി.അബ്ദുറഹിമാന് അധ്യക്ഷനായിരുന്നു. സി.രാമകൃഷ്ണന്, സീഡ് കോ ഓര്‍ഡിനേറ്റര് പി.വേണുഗോപാലന്, അയിഷത്ത് ശബ്‌നം, മുഹമ്മദ് അസ്‌കര്, രഫീദ എന്നിവര് സംസാരിച്ചു.