സ്‌കൂള്‍മുറ്റത്ത് 'ഓട്‌സും' വിളയും; വിളവെടുക്കാന്‍ മന്ത്രിയും

Posted By : idkadmin On 13th February 2015


രാജാക്കാട്: അങ്ങനെ കേരളത്തില്‍ ഓട്‌സും വിളയും എന്ന് തെളിയിച്ചിരിക്കുകയാണ് സീഡ് കുട്ടികള്‍. രാജകുമാരി ഹോളിക്യൂന്‍സ് യു.പി.സ്‌കൂളിലെ കുട്ടികളാണ് സ്‌കൂള്‍മുറ്റത്ത് 'പാഡി ചലഞ്ചി'ന്റെ ഭാഗമായി നെല്ലും ഓട്‌സും നൂറുമേനി വിളയിച്ചത്. കൂട്ടത്തില്‍ അല്‍പ്പം ഗോതമ്പും. ഓസ്‌ട്രേലിയയില്‍ നിന്നാണ് ഓട്‌സ് വിത്ത് ശേഖരിച്ചത്. 
75 കിലോ നെല്ല് കുട്ടികള്‍ കൊയ്‌തെടുത്തു. വിളവെടുപ്പിന്റെയും ഫാം ടൂറിസം പദ്ധതിയുടെയും ഉദ്ഘാടനം മന്ത്രി കെ.സി.ജോസഫ് നിര്‍വഹിച്ചു. ഓട്‌സ് വിളവെടുപ്പ് ഉദ്ഘാടനം രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് സുമ സുരേന്ദ്രന്‍ നിര്‍വഹിച്ചു.
സ്‌കൂള്‍മുറ്റത്തും ഉറച്ച മണ്ണില്‍ കുഴിയെടുത്ത് പടുത വിരിച്ച് അതില്‍ ചെളി നിറച്ചാണ് കണ്ടമൊരുക്കിയത്. അധ്യാപകരും കുട്ടികള്‍ക്ക് സഹായവുമായെത്തി. നെല്ല് കൂടാതെ നല്ലൊരു പച്ചക്കറിതോട്ടവും കുട്ടികള്‍ക്കുണ്ട്. 1700 കിലോ പച്ചക്കറിയാണ് കുട്ടികള്‍ ഉത്പാദിപ്പിച്ചത്. ഇത് സ്‌കൂളില്‍ ഉച്ചഭക്ഷണത്തിനുള്ള കറികള്‍ക്ക് എടുക്കുകയാണ് പതിവ്. രാജകുമാരി കൃഷി ഓഫീസര്‍ ബെറ്റ്‌സി ഇവര്‍ക്കുവേണ്ട സാങ്കേതിക ഉപദേശങ്ങള്‍ നല്‍കുന്നു. 
സ്‌കൂളില്‍ നടന്ന ചടങ്ങില്‍ സ്‌കൂള്‍ മാനേജര്‍ ഫാ. സെബാന്‍ മേലേട്ട്, പി.ടി.എ. പ്രസിഡന്റ് ബിന്ദു പെരിയപിള്ളി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ എല്‍സീന, സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജോയി എം.പി. എന്നിവര്‍ പങ്കെടുത്തു.