കണ്ണൂര്‍: ശബരിമലക്ഷേത്രവഴികളിലെ മരങ്ങളിലുള്ള ആണികളും പരസ്യബോര്‍ഡുകളും നീക്കാന്‍ റാന്നി ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ എസ്.ജനാര്‍ദനന്‍ റെയിഞ്ച് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കണ്ണൂര്‍ കരിവെള്ളൂരിലെ ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ മാതൃഭൂമി സീഡ് ക്ലബ് കണ്‍വീനര്‍ കെ.അനന്തുകൃഷ്ണന്‍ നല്കിയ പരാതിയെത്തുടര്‍ന്നാണ് നടപടി. ശബരിമലതീര്‍ഥാടന കാനനപാതയോരത്തും മറ്റു വനമേഖലകളിലുമുള്ള വൃക്ഷങ്ങളില്‍ പരസ്യങ്ങളോ ബാനറുകളോ മറ്റു എടുപ്പുകളോ സ്ഥാപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം. അങ്ങനെയുള്ളവ ശ്രദ്ധയില്‍പ്പെട്ടാല്‍ അത് ഉടന്‍ നീക്കംചെയ്യണമെന്നുമാണ് നിര്‍ദേശത്തിലുള്ളത്.
റാന്നി വനം ഡിവിഷനു കീഴിലുള്ള ഗൂഡ്രിക്കല്‍, വടശ്ശേരിക്കര, റാന്നി എന്നീ മൂന്ന് റെയിഞ്ചുകളിലെയും റെയിഞ്ച് ഓഫീസര്‍മാര്‍ക്കാണ് ഇതുസംബന്ധിച്ച് നിര്‍ദേശം നല്കിയത്.
ശബരിമലയിലെ വഴിയോരത്തുള്ള മരങ്ങളിലെ ആണികള്‍ നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് ഏറ്റുകുടുക്ക എ.യു.പി. സ്‌കൂള്‍ സീഡ് പോലീസ് പരാതി അയച്ചിരുന്നു. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണര്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍, വകുപ്പുമന്ത്രിമാര്‍, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ എന്നിവര്‍ക്കായിരുന്നു പരാതി നല്കിയത്. ഇതുസംബന്ധിച്ച് സീഡ് റിപ്പോര്‍ട്ടര്‍ ഒ.കെ.മിഹല്‍ജിത്ത് നല്കിയ വാര്‍ത്ത 2014 ഡിസംബര്‍ 20ന് മാതൃഭൂമി പത്രത്തില്‍ അച്ചടിച്ചു.
വൃക്ഷങ്ങളില്‍ ആണിയടിച്ച് പരസ്യബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നതിനെതിരെ മുമ്പ് മൂവാറ്റുപുഴ സെന്റ് അഗസ്റ്റ്യന്‍സ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ ഹൈക്കോടതിയില്‍ പരാതി സമര്‍പ്പിച്ചിരുന്നു.
ഇതിനെത്തുടര്‍ന്ന് മരങ്ങളില്‍ ഇത്തരം ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടില്ലെന്ന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും മറ്റ് സര്‍ക്കാര്‍ അധികാരികളും ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
എന്നാല്‍, പലയിടത്തും ഈ ഉത്തരവ് പാലിക്കപ്പെട്ടിരുന്നില്ല. അതിനാല്‍ കേരളത്തില്‍ മുഴുവന്‍ മാതൃഭൂമി സീഡ് ക്ലബ് അംഗങ്ങളും ഇതിനെതിരെ രംഗത്തിറങ്ങി. സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികള്‍ എല്ലാ ജില്ലകളിലും ഇത്തരം മരങ്ങളുടെ കണക്കെടുക്കുകുയും അധികൃതര്‍ക്ക് പരാതി നല്കുകയും ചെയ്തിരുന്നു.