പന്മന: ഗോപികയുടെ കുടുംബത്തിന് സ്‌നേഹത്തണലൊരുക്കുകയാണ് പന്മന പുത്തന്‍ചന്ത ആണുവേലില്‍ സര്‍ക്കാര്‍ യു.പി.സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍. മൂന്നാം ക്ലാസ്സുകാരിയായ ഗോപികയുടെ പിതാവ് ഗോപകുമാര്‍ പക്ഷാഘാതം വന്ന് കിടപ്പിലായിട്ട് ഒന്നരവര്‍ഷം കഴിഞ്ഞു. നിര്‍ധന കുടുംബത്തിന്റെ ഏകാശ്രയമായിരുന്ന ഗോപകുമാറിന്റെ ഈയവസ്ഥ തളര്‍ത്തിയത് ഗോപികയെയും അമ്മ സുനിതയെയുമായിരുന്നു. തങ്ങളുടെ കൂട്ടുകാരിയുടെ ദയനീയാവസ്ഥയറിഞ്ഞ കുരുന്നുകള്‍ സമൂഹ നന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യം ഉയര്‍ത്തിപ്പിടിച്ച് സൗഹൃദത്തിന്റെ കണിയൊരുക്കാന്‍ ഈ കുരുന്നു കൂട്ടായ്മ മുന്നിട്ടിറങ്ങിയപ്പോള്‍ അവര്‍ക്ക് പിന്‍തുണയുമായി അധ്യാപകരും പി.ടി.എ.യും ഒത്തുചേര്‍ന്നു. വീടുകളില്‍ ചെന്ന് തങ്ങളുടെ കൂട്ടുകാരിയുടെ അവസ്ഥ പറഞ്ഞും മിഠായി വാങ്ങാന്‍ കൊടുക്കുന്ന പണം സ്വരുക്കൂട്ടിയുംവച്ചപ്പോള്‍ കുഞ്ഞു കൈകളില്‍ നിറഞ്ഞത് വലിയ ഒരു തുക. ആ തുക ഗോപകുമാറിന്റെ ചികിത്സയ്ക്കായി എസ്.എം.സി. ചെയര്‍മാന്‍ അനില്‍കുമാര്‍, സീഡ് കോഓര്‍ഡിനേറ്റര്‍ ജോസ്, ശോഭന എന്നിവര്‍ ഗോപികയുടെ വീട്ടിലെത്തി അമ്മയ്ക്ക് കൈമാറിയപ്പോള്‍ ഉദാത്തമായ സൗഹൃദമാണ് ഈ കുട്ടികള്‍ സമൂഹത്തിന് മുന്നില്‍ കാണിച്ചുതന്നത്.