വിഷരഹിത പച്ചക്കറിത്തോട്ടം നാട്ടിന്‍പുറങ്ങളിലും വ്യാപകമാകുന്നു

Posted By : klmadmin On 5th February 2015


 

 
 
ഹരിതസൗഹൃദം അയല്‍പ്പക്ക കൂട്ടായ്മ പ്രചോദനമായി
കരുനാഗപ്പള്ളി: വിഷമില്ലാത്ത പച്ചക്കറികള്‍ വിളയിക്കാന്‍ കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് തുടങ്ങിയ ഹരിതസൗഹൃദം അയല്‍പ്പക്ക കൂട്ടായ്മ നാടിന് പ്രചോദനമായി. വിഷരഹിത പച്ചക്കറിത്തോട്ടം നാട്ടിന്‍പുറങ്ങളിലെ വീടുകളിലും വ്യാപകമാകുന്നു.  
അയല്‍പ്പക്കക്കൂട്ടായ്മയുടെ ഭാഗമായി തൊടിയൂര്‍ ഗ്രാമപ്പഞ്ചായത്ത് 17ാം വാര്‍ഡിലെ  വലിയവിള റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ എന്റെ പച്ചക്കറിത്തോട്ടം എന്ന പേരില്‍ വിഷരഹിത പച്ചക്കറിക്കൃഷി തുടങ്ങി. ഇരുന്നൂറോളം വീടുകളിലാണ് ഇത്തരത്തില്‍ പച്ചക്കറിക്കൃഷി വ്യാപിച്ചിട്ടുള്ളത്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ് അംഗമായ മുഹമ്മദ് ബിലാലിന്റെകൂടി നേതൃത്വത്തിലാണ് എന്റെ പച്ചക്കറിത്തോട്ടം പദ്ധതി നടപ്പാക്കുന്നത്. പച്ചക്കറിത്തോട്ട നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കുന്നതും മുഹമ്മദ് ബിലാലാണ്. കഴിഞ്ഞദിവസം നടന്ന ചടങ്ങില്‍ ഗ്രാമപ്പഞ്ചായത്ത് അംഗം ഹസീന സമദ് ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് എം.അശോക് കുമാര്‍ അധ്യക്ഷത വഹിച്ചു. കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്സിലെ മാതൃഭൂമി സീഡ് ക്ലബ് പ്രതിനിധി മുഹമ്മദ് ബിലാല്‍ റസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റിന് പച്ചക്കറിവിത്തുകളും ലഘുലേഖകളും കൈമാറി.  കൃഷിയെക്കുറിച്ചും അതിന്റെ പരിപാലനത്തെക്കുറിച്ചും റിട്ട. കൃഷി ഓഫീസര്‍ പുഷ്പരാജന്‍ ക്ലാസെടുത്തു. സജീവന്‍, മാലതി, ഷാനവാസ്, നസീമ, ഗോപിനാഥന്‍ പിള്ള എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി ഷംനാദ് സ്വാഗതവും രക്ഷാധികാരി രവീന്ദ്രന്‍ പിള്ള നന്ദിയും പറഞ്ഞു.