കോഴിക്കോട്: പച്ചക്കറികൃഷിയും പഠനത്തിന്റെ ഭാഗം തന്നെയാണെന്ന് ഓര്മപ്പെടുത്തുകയാണ് മാട്ടനോട് എ.യു.പി. സ്കൂള് കുട്ടികള്. സ്കൂള് കാര്ഷിക ക്ലബ്ബും സീഡ് ക്ലബ്ബും ചേര്ന്നാണ് സ്കൂള് മൈതാനത്ത് കൃഷിനടത്തുന്നത്.
അഞ്ഞൂറോളം കവറുകളില് നിറയെ കോളിഫ്ലവര് പൂവിട്ടിട്ടുണ്ട്. വിളഞ്ഞുനില്ക്കുന്ന പടവലം, ചീര, പയര്, മുളക്, വഴുതിന, വെണ്ട, കയ്പ, കുമ്പളം, മത്തന്, പയര്, വെള്ളരി എന്നിവയെല്ലാം ഇവിടെയുണ്ട്.
ഒഴിവുസമയങ്ങളിലും അവധിദിവസങ്ങളിലും കൃഷിപരിപാലത്തിന് അധ്യാപകരും വിദ്യാര്ഥികളും ഒന്നിച്ചിറങ്ങുന്നു. സ്കൂളില് ഒതുങ്ങുന്നില്ല കുട്ടികളുടെ കൃഷി. മുന്നൂറ് കുടുംബകൃഷി യൂണിറ്റുകള് കുട്ടികളുടെ വീടുകളില് ചെയ്യുന്നുണ്ട്. ജൈവകൃഷി രീതിയിലാണ് കൃഷിചെയ്യുന്നത്.
കാര്ഷിക ക്ലബ്ബ് കണ്വീനര് എ. വിനോദ് കുമാര്, സീഡ് കോ-ഓര്ഡിനേറ്റര് ടി.കെ. ദിനേശ് കുമാര് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നല്കുന്നത്.