കൊയ്ത്ത് ഉത്സവമായി; പേരൂര്‍ സ്‌കൂളിന് നൂറുമേനി നെല്ല്‌

Posted By : pkdadmin On 4th February 2015


 ലക്കിടി: മലയാളി മറന്നുപോയ കാര്‍ഷികസംസ്‌കാരം പൊടിതട്ടി പുറത്തെടുക്കാന്‍ പേരൂര്‍ എ.എസ്.ബി. സ്‌കൂളിലെ സീഡ് കുട്ടിക്കര്‍ഷകര്‍ രംഗത്ത്. ജൈവ പച്ചക്കറിക്കൃഷിയിലൂടെ മികവ് തെളിയിച്ച സീഡ്, ജൈവനെല്‍ക്കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.
സ്വയം ഞാറ്റടിതീര്‍ത്ത് ഞാറുപാകി കളപറിച്ച് വളമിട്ട് നൂറുമേനികൊയ്ത സംതൃപ്തിയിലാണ് സീഡ് പ്രവര്‍ത്തകര്‍. പൂര്‍ണമായും ജൈവവളവും ജൈവ കീടനാശിനിയും മാത്രമുപയോഗിച്ച് വിളയിച്ച നെല്ലുകൊയ്യാന്‍ സീഡ് പ്രവര്‍ത്തകരോടൊപ്പം നാട്ടുകാരും പി.ടി.എ., സ്‌കൂള്‍വികസന സമിതി ഭാരവാഹികളും അണിനിരന്നു.
ചൊവ്വാഴ്ചരാവിലെ ചെണ്ട, ഇലത്താളം, ഓലക്കുടകള്‍, കുരുത്തോലക്കുടകള്‍ എന്നിവയോടെ കൊയ്തുകാരുടെ വേഷത്തില്‍ അരിവാളുമേന്തി സീഡ് പ്രവര്‍ത്തകര്‍ വയലിലെത്തി.
കൊയ്ത്തുത്സവം ലക്കിടി-പേരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എ. ഷൗക്കത്തലി ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുധ അധ്യക്ഷയായി. 
ലക്കിടി കൃഷി ഓഫീസര്‍ എസ്. സുധ, കൃഷി അസിസ്റ്റന്റ് ആശ, പി.ടി.എ. പ്രസിഡന്റ് യു.പി. രവി, സ്‌കൂള്‍ വികസനസമിതി വര്‍ക്കിങ് ചെയര്‍മാന്‍ കെ. ശ്രീനി, ഉപാധ്യക്ഷന്‍ കെ. ഭാസ്‌കരന്‍ നായര്‍, ഒ. ലീലാവതി, നാട്ടുകാരായ വി.പി. സുരേഷ്‌കുമാര്‍, കെ.കെ. നൗഷാദ്, അബ്ദുള്‍റഹിമാന്‍, കുമാരന്‍, സീനിയര്‍ അധ്യാപിക വി. മല്ലിക, ഡി. രമണി, പി. രാജേന്ദ്രന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ മുജീബ്, പി. സജിത്, കെ.എസ്. പ്രദീപ്, സദനം ഗോപാലകൃഷ്ണന്‍, സുബീന, മുറുവത്തുന്നീസ, അധ്യാപക വിദ്യാര്‍ഥികളായ വിഷ്ണു, വര്‍ഷ, ഇന്ദുജ, സീഡ്ഗ്രൂപ്പ് ലീഡര്‍മാരായ നന്ദന, ദേവിക, അഫ്‌നാസ് എന്നിവര്‍ നേതൃത്വം നല്‍കി.