പള്ളിയങ്കണത്തില്‍ വിശക്കുന്നവരെ ഓര്‍ത്ത്
വിശ്വാസികളുടെ 'സീഡ് 'പ്രതിജ്ഞ
മൂഴിക്കുളം: മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയങ്കണത്തില്‍ തിങ്ങിനിറഞ്ഞ വിശ്വാസികള്‍ക്ക് എറണാകുളം - അങ്കമാലി അതിരൂപതാ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിശ്വാസികള്‍ വലതുകരം മുന്നിലേക്ക് പിടിച്ച് പ്രതിജ്ഞ ഏറ്റുചൊല്ലി. ഞായറാഴ്ച പള്ളിയില്‍ തുടക്കം കുറിച്ച 'ഹരിതാഭമായ കാരുണ്യം' പദ്ധതിക്ക് മുന്നോടിയായാണ് പ്രതിജ്ഞ നടന്നത്.
രാവിലെ കുര്‍ബാനയ്ക്കും പള്ളിയില്‍ പുതുതായി നിര്‍മിച്ച വൈദിക മന്ദിരത്തിന്റെ വെഞ്ചരിപ്പിനും ശേഷമായിരുന്നു ചടങ്ങ്.
ലോകത്ത് പല ഭാഗങ്ങളിലായി അഞ്ച് വയസ്സിന് താഴെയുള്ള 20,000 കുട്ടികള്‍ വിശന്നുമരിക്കുകയാണെന്നും ജീവന്‍ നിലനിര്‍ത്താനുള്ള അമൂല്യ വസ്തുവാണ് ഭക്ഷണമെന്ന് മനസ്സിലാക്കി ഒരു തരിപോലും പാഴാക്കരുതെന്നുമുള്ള പ്രതിജ്ഞയാണ് എടുത്തത്.
ഭക്ഷ്യസുരക്ഷയ്ക്കായി സ്‌കൂളുകളില്‍ കുട്ടികള്‍ സീഡ് പ്രതിജ്ഞയെടുത്തതും തൃശ്ശൂര്‍ അതിരൂപതയ്ക്കു കീഴിലെ ക്രിസ്തുരാജ പള്ളിയിലെ വിശ്വാസികള്‍ സീഡ് പ്രതിജ്ഞയെടുത്ത വാര്‍ത്തയുമാണ് ഇവര്‍ക്ക് പ്രചോദനമായത്. പിന്നീട് പ്രതിജ്ഞയെക്കുറിച്ച് 'മഹത്തര'മെന്ന് പിതാവ് സൂചിപ്പിച്ചു.
ചടങ്ങില്‍ പള്ളി വികാരി ഫാ. ജോസ് വല്ലയില്‍, പാറക്കടവ് പഞ്ചായത്ത് പ്രസിഡന്റ് പി.വി. ജോസ്, സണ്‍ഡേ സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ജോസ് മാത്യു, കോ-ഓര്‍ഡിനേറ്റര്‍ ഷൈബി വര്‍ഗീസ്, സി.കെ. വര്‍ഗീസ്, സാബു ജോര്‍ജ്, ആന്റു ചീരകത്തില്‍, പോളി കട്ടക്കകത്തൂട്ട്, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്. വിനോദ്, സി.എം. ജോയി തുടങ്ങിയവര്‍ പങ്കെടുത്തു.
തുടര്‍ന്ന് 250-ഓളം കുട്ടികള്‍ക്ക് രണ്ട് വാഴക്കണ്ണുകള്‍ വീതവും പച്ചക്കറി വിത്തകളും നല്‍കി.
മൂഴിക്കുളം സെന്റ് മേരീസ് ഫൊറോന പള്ളിയില്‍ അതിരൂപതാ മെത്രാന്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്
സീഡ് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു