Teachers Training Programme - Kothamangalam Educational District

Posted By : ernadmin On 3rd August 2013


സീഡ് വിദ്യാലയങ്ങളെ പരിസ്ഥിതി പഠന-സംരക്ഷണ 
കേന്ദ്രങ്ങളാക്കി - ടി.എ. ബേബി 

കോതമംഗലം: പരിസ്ഥിതി അവബോധം കുട്ടികളിലൂടെ പകര്‍ന്ന് സമൂഹത്തില്‍ മാറ്റത്തിന്റെ അധ്യായം രചിച്ച മാതൃഭൂമി സീഡ് പദ്ധതി ഏറെ ജനപ്രീതിയാര്‍ജിച്ചുകഴിഞ്ഞതായി കോതമംഗലം വിദ്യാഭ്യാസജില്ലാ ഓഫീസര്‍ ടി.എ. ബേബി പറഞ്ഞു. 
കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരുടെ ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സീഡിന്റെ പ്രവര്‍ത്തനപദ്ധതിയിലൂടെ വിദ്യാലയങ്ങള്‍ ഇന്ന് പരിസ്ഥിതി പഠനകേന്ദ്രവും സംരക്ഷണകേന്ദ്രവും കൂടിയായി മാറിക്കഴിഞ്ഞു. പരിസ്ഥിതി സന്തുലനം ഇല്ലാത്ത വികസനത്തിന് സ്ഥായിയായ നിലനില്‍പില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 
നാളത്തെ ഭാവിക്കായി മാതൃഭൂമി സീഡിലൂടെ നല്‍കുന്ന ഈ മഹത്തായ ആശയം ഏറെ പ്രശംസനീയമാണെന്ന് ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ജോയ് കെ. പോള്‍ പറഞ്ഞു. പരിസ്ഥിതിയെ നശിപ്പിക്കുന്ന ചെയ്തികള്‍ പ്രതിരോധിക്കാന്‍ പ്രകൃതിതന്നെ സ്വാഭാവികമായി ഉയര്‍ത്തിക്കൊണ്ടുവന്ന വരദാനമാണ് മാതൃഭൂമിയുടെ സീഡ് പദ്ധതിയെന്ന് ചടങ്ങില്‍ ആശംസയര്‍പ്പിച്ച് സംസാരിച്ച കോതമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ എന്‍.ഐ. അഗസ്റ്റിന്‍ പറഞ്ഞു. മാതൃഭൂമി സബ്എഡിറ്റര്‍ കെ.വി. രാജേഷ് സീഡ് പദ്ധതി അവതരിപ്പിച്ചു. ആര്‍. ദിവ്യരാജ് വെബ്‌സൈറ്റ് അവതരണവും നടത്തി. മാതൃഭൂമി കൊച്ചി റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍ സ്വാഗതവുംസീഡ് കോതമംഗലം വിദ്യാഭ്യാസജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എന്‍.കെ. ഷാജന്‍ നന്ദിയും പറഞ്ഞു. ബിനു കക്കാട് നിര്‍മിച്ച പരിസ്ഥിതി ഹ്രസ്വചിത്രം ശില്‍പശാലയില്‍ പ്രദര്‍ശിപ്പിച്ചു. കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ യു, പി, ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍നിന്നുള്ള സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ ശില്‍പശാലയിലെത്തി. 

കോതമംഗലം വിദ്യാഭ്യാസ ജില്ലയിലെ സീഡ് കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കുള്ള ശില്‍പശാല ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ 
ടി.എ. ബേബി ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി കൊച്ചി റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍, ഉപജില്ലാ വിദ്യാഭ്യാസ 
ഓഫീസര്‍ എന്‍.ഐ. അഗസ്റ്റിന്‍, ഫെഡറല്‍ ബാങ്ക് ചീഫ് മാനേജര്‍ ജോയ് കെ. പോള്‍ എന്നിവര്‍ സമീപം