ഗാന്ധിജിയുടെ അടൂര്‍ സന്ദര്‍ശനത്തിന്റെ 80 വര്‍ഷം: ഓര്‍മപ്പെടുത്തലുമായ് സീഡ് ക്ലൂബ്ബംഗങ്ങള്‍

Posted By : ptaadmin On 20th January 2015


 അടൂര്‍: ഇതൊരു ഓര്‍മപ്പെടുത്തലാണ്. രാഷ്ട്രപിതാവ് മഹാത്മാഗാന്ധി അടൂരിലെത്തിയതിന്റെ 80-ാം വാര്‍ഷികം മറന്നുപോയവര്‍ക്ക് ഓര്‍മപ്പെടുത്തലായാണ് പറക്കോട് പി.ജി.എം. ബോയ്‌സ്(അമൃത) സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലൂബ്ബംഗങ്ങള്‍ രക്തപുഷ്പങ്ങളുമായി എത്തിയത്. ഗാന്ധിജി സ്ഥാപിച്ച ശിലാഫലകത്തിനരികിലെത്തി അവര്‍ പുഷ്പാര്‍ച്ചന നടത്തി. ഈ ഓര്‍മപ്പെടുത്തലിനും ഒട്ടേറെ പുതുമകളുണ്ടായിരുന്നു. ഗാന്ധിവേഷത്തില്‍ പ്രസിദ്ധനായ ആലപ്പുഴ ജോര്‍ജ് പോള്‍ ഗാന്ധിവേഷത്തില്‍ത്തന്നെ കുട്ടികള്‍ക്കൊപ്പം ഈ യാത്രയില്‍ പങ്കാളികളായി.

1934 ജനവരി 19ന് ഹരിജനോദ്ധാരണഫണ്ട് ഏറ്റുവാങ്ങുന്നതിനും എസ്.എന്‍.ഡി.പി.മന്ദിരമായ ടി.കെ.മാധവസൗധത്തിന് ശിലാസ്ഥാപനം നടത്തുന്നതിനുമായാണ് രാഷ്ട്രപിതാവ് അടൂരിലേക്ക് വന്നത്. രാഷ്ട്രീയ, സാംസ്‌കാരിക നേതാക്കന്മാരുടെ ജന്മദിനവും ചരമദിനവും ആഡംബരപൂര്‍വം ആഘോഷിക്കുന്ന ഭരണകര്‍ത്താക്കളും രാഷ്ട്രീയനേതൃത്വവും അടൂരിന്റെ ചരിത്രത്തില്‍ സുവര്‍ണദിനമായിക്കാണുന്ന ജനവരി 19 മറന്നുപോയതിന്റെ ഓര്‍മപ്പെടുത്തലാണ് സീഡ് ക്ലൂബ്ബംഗങ്ങള്‍ നടത്തിയത്. എട്ടു പതിറ്റാണ്ടുമുമ്പ് അടൂരിലെത്തി സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന് ആവേശം പകര്‍ന്നുനല്കിയതിന്റെ ഓര്‍മപ്പെടുത്തലുമായി ഗാന്ധിവേഷധാരിയായ ജോര്‍ജ് പോളിനൊപ്പം കുട്ടികള്‍ എത്തിയപ്പോള്‍ ചുറ്റും നിന്നവരും ആവേശം പങ്കിടാനെത്തി. ഗാന്ധിജി അടൂരില്‍വന്ന ദിനങ്ങളുടെ വിശദാംശങ്ങള്‍ അതിവേഗകാര്‍ട്ടൂണിസ്റ്റ് അഡ്വ. എസ്.ജിതേഷ്ജി കുട്ടികള്‍ക്കും നാട്ടുകാര്‍ക്കുംമുമ്പില്‍ വിവരിച്ചുനല്‍കി. ഗാന്ധിജിയുടെ ഓര്‍മകള്‍ നിറയുന്ന ഈ ശിലാഫലകം ചരിത്രസ്മാരകമായി സംരക്ഷിക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും അഡ്വ. എസ്.ജിതേഷ്ജി പറഞ്ഞു.

മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍ ജി.മനോജ്, സി.ആര്‍.രാജീവ്, മനു തയ്യില്‍, സുജിത്ത് മണ്ണടി, ലാല്‍ പന്നിവിഴ, രാഹുല്‍ അങ്ങാടിക്കല്‍ എന്നിവര്‍ പങ്കെടുത്തു. പുഷ്പാര്‍ച്ചനയ്ക്കായി എത്തിയ മാതൃഭൂമി സീഡംഗങ്ങള്‍ക്ക് എസ്.എന്‍.ഡി.പി. അടൂര്‍ യൂണിയന്‍ ഓഫീസില്‍നിന്ന് മധുരപലഹാരങ്ങളും നല്കി.