മാള: വിദ്യാര്‍ത്ഥിക്കൂട്ടായ്മയില്‍ വിളഞ്ഞ നെല്ല് ഇനി രുചിയേറുന്ന പലഹാരങ്ങളായി വിദ്യാര്‍ത്ഥികളിലെത്തും. അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികളടെ നേതൃത്വത്തില്‍ നടന്ന നെല്‍ക്കൃഷിയില്‍നിന്ന് ലഭിക്കുന്ന നെല്ലായിരിക്കും പായസവും പുട്ടുപൊടിയുമായി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കുക.
മാതൃഭൂമി 'സീഡ്' പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് വടമ പാണ്ടിപ്പാടത്തെ തരിശ്ശുകിടന്നിരുന്ന ഒരേക്കര്‍ വയലില്‍ അധ്യാപകരുടെയും പി.ടി.എ.യുടെയും സഹായത്തോടെ വിദ്യാര്‍ത്ഥികള്‍ കൃഷിയാരംഭിച്ചത്. പഠനപ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ചര്‍ച്ചയാണ് കൃഷിയാരംഭിക്കുന്നതിന് പ്രേരണയായത്. കുട്ടികളുടെ ആശയം യാഥാര്‍ത്ഥ്യമാക്കാന്‍ അധ്യാപകരും മുന്നിട്ടിറങ്ങി.
സ്‌കൂളിലെതന്നെ അധ്യാപികയായ സുഭദ്രയുടെ വയലാണ് കൃഷിയിറക്കുന്നതിനായി വിട്ടുനല്‍കിയത്. തികച്ചും ജൈവരീതിയിലായിരുന്നു കൃഷി. വിത്തുവിതച്ച് ഞാറ്റടി തയ്യാറാക്കുന്നതു മുതല്‍ കൊയ്യുന്നതു വരെയുള്ള പരിപാലനവും വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലായിരുന്നു.
കാര്‍ഷികാനഭവം സ്വായത്തമാക്കിയാണ് തിങ്കളാഴ്ച വിദ്യാര്‍ത്ഥികളും അധ്യാപകരും കൊയ്ത്തുത്സവത്തില്‍ പങ്കാളികളായത്. കൊയ്ത്തുപാട്ടിന്റെ അകമ്പടിയോടെ ടി.എന്‍. പ്രതാപന്‍ എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശിവരാമന്‍, കൃഷിഓഫീസര്‍ ജോര്‍ജ്ജ് പ്രശാന്ത്, പാടശേഖരസമിതി പ്രസിഡന്റ് എം. ഭാസ്‌കരമേനോന്‍, ശോഭന പരമേശ്വരന്‍, മാനേജര്‍ വി.എന്‍. പങ്കജാക്ഷിഅമ്മ, പി.ടി.എ. പ്രസിഡന്റ് ഐ.വി. വേണു, പ്രധാനാധ്യാപിക പി.ജി. ലേഖ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.എ. ആഷ എന്നിവര്‍ നേതൃത്വം നല്‍കി.