വിദ്യാലയങ്ങള്‍ പരിസ്ഥിതി സംരക്ഷണത്തിന്
മുന്‍തൂക്കം നല്‍കണം-ഡി.ഇ.ഒ
ആലുവ: പ്രകൃതി വിഭവങ്ങള്‍ മലിനമായി കൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ വിദ്യാലങ്ങളിലൂടെ സമൂഹത്തിന് പുതുസന്ദേശം പകര്‍ന്ന് നല്‍കാന്‍ കഴിയണമെന്ന് ആലുവ ഡി.ഇ.ഒ പ്രസന്നകുമാരി പറഞ്ഞു. വിദ്യാലങ്ങള്‍ പരിസ്ഥിതി സംരക്ഷണ കേന്ദ്രങ്ങളാക്കി മാറ്റാന്‍ മാതൃഭൂമി സീഡ് പദ്ധതിയിലൂടെ കഴിഞ്ഞിട്ടുണ്ടെന്നും അവര്‍ അഭിപ്രായപ്പെട്ടു. ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആലുവ വിദ്യാഭ്യാസ ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡി.ഇ.ഒ.
കുട്ടികളിലൂടെ കാര്‍ഷിക സംസ്‌കാരം തിരിച്ചുകൊണ്ടുവരാന്‍ കഴിയണമെന്നും സ്വയം കൃഷി ചെയ്ത് വിളയിച്ച പച്ചക്കറികള്‍ സ്‌കൂളിലെ ഉച്ചഭക്ഷണത്തിന്റെ ഭാഗമാക്കണമെന്നും ഡി.ഇ.ഒ പറഞ്ഞു. പത്രപ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക നന്മയിലൂന്നിയ പരിസ്ഥിതി പ്രവര്‍ത്തനവും മാതൃഭൂമിയുടെ സീഡിലൂടെ നടത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തിയ മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍ പറഞ്ഞു. സീഡിന്റെ അഞ്ചാം പിറന്നാളിലും വിദ്യാര്‍ത്ഥികള്‍ക്കിടയിലുള്ള പങ്കാളിത്തം അതിന് തെളിവാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
പരിസ്ഥിതിയും പ്രകൃതിയുമായി ബന്ധപ്പെട്ട നിരവധി അനുഭവങ്ങളിലൂടെ കടന്നുപോകാന്‍ സീഡ് പദ്ധതി വഴി കുട്ടികള്‍ക്ക് സാധിക്കുമെന്ന് ചടങ്ങില്‍ ആശംസ അര്‍പ്പിച്ച ആലുവ എ.ഇ.ഒ കൃഷ്ണകുമാര്‍ പറഞ്ഞു.
ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്നായി സീഡിന്റെ ചുമതല വഹിക്കുന്ന നൂറിലധികം അധ്യാപകരാണ് ക്യാമ്പിനെത്തിയത്. ആലുവ മുനിസിപ്പല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിനു സമീപം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോയറിയത്തില്‍ നടത്തിയ ശില്പശാലയുടെ ഉദ്ഘാടന ചടങ്ങിന് മാതൃഭൂമി കൊച്ചി യൂണിറ്റ് സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്.വിനോദ് സ്വാഗതം പറഞ്ഞു. സീഡ് അവതരണവും വെബ് സൈറ്റ് അവതരണവും ഉണ്ടായിരുന്നു.
ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ നടത്തുന്ന മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ആലുവ വിദ്യാഭ്യാസ
ജില്ലയില്‍ അധ്യാപകര്‍ക്കായി നടത്തിയ ശില്പശാല ഡി.ഇ.ഒ പ്രസന്നകുമാരി ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി കൊച്ചി യൂണിറ്റ് റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍, ആലുവ എ.ഇ.ഒ കൃഷ്ണകുമാര്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ്.വിനോദ് എന്നിവര്‍ സമീപം