Teachers Training Programme- Ernakulam Educational District

Posted By : ernadmin On 3rd August 2013


 

പ്രകൃതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് 
കുട്ടികളെ ബോധവാന്‍മാരാക്കണം-ഡി. മുരളി 

കൊച്ചി: പ്രകൃതിയ്‌ക്കെതിരെയുള്ള ചൂഷണം വ്യാപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളെ ബോധവാന്‍മാരാക്കണമെന്ന് ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി.മുരളി പറഞ്ഞു. എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മാതൃഭൂമി സീഡ് കോ-ഓര്‍ഡിനേറ്റര്‍മാരായ അധ്യാപകര്‍ക്കുവേണ്ടി ഫെഡറല്‍ബാങ്കുമായി സഹകരിച്ച് നടത്തിയ ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി ദിനത്തില്‍ മരം നട്ടാല്‍ മാത്രം പോര, മരത്തിന്റെ വളര്‍ച്ചയുടെ ഓരോ ഘട്ടവും കുട്ടികള്‍ ശ്രദ്ധിച്ച് രേഖപ്പെടുത്തണം. പ്രകൃതിയില്‍ നിന്ന് ലഭിക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കൂടുതല്‍ കഴിക്കണം. ഇതുവഴി ശരീരത്തിനുണ്ടാകുന്ന പല രോഗങ്ങളില്‍ നിന്നും രക്ഷനേടാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 
കലൂര്‍ റിന്യൂവല്‍ സെന്ററില്‍ നടന്ന ശില്പശാലയില്‍ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി. രാജേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പോലുള്ള വാതകങ്ങള്‍ പ്രകൃതിയിലേക്ക് കൂടുതല്‍ പുറന്തള്ളി മലിനപ്പെടുത്തുന്ന മനുഷ്യര്‍ പ്രകൃതിയെ സംരക്ഷിക്കുവാനും തയ്യാറാകണം. വനം വനമായി തന്നെ നിലനിര്‍ത്തുവാന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
മാതൃഭൂമി റീജണല്‍ മാനേജര്‍ വി.ഗോപകുമാര്‍ സംസാരിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ എസ്.കൃഷ്ണന്‍കുട്ടി സ്വാഗതവും ജില്ല സീഡ് കോ-ഓര്‍ഡിനേറ്റര്‍ എം.എസ് വിനോദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് നടന്ന ക്ലാസ്സുകള്‍ക്ക് സീഡ് കോ-ഓര്‍ഡിനേറ്റര്‍ ടി.ശിവദാസന്‍, എന്‍.സി.ബി.എസ് കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ് നിസാര്‍, എസ്.നിധിന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 


മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി ഫെഡറല്‍ ബാങ്കിന്റെ സഹകരണത്തോടെ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ അദ്ധ്യാപക കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കായി കലൂര്‍ റിന്യൂവല്‍ സെന്ററില്‍ സംഘടിപ്പിച്ച ശില്പശാല ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. മുരളി ഉദ്ഘാടനം ചെയ്യുന്നു. മാതൃഭൂമി റീജണല്‍ മാനേജര്‍ വി. ഗോപകുമാര്‍, ഡെപ്യൂട്ടി എഡിറ്റര്‍ എസ്. കൃഷ്ണന്‍കുട്ടി, 
ജില്ലാ വനംവകുപ്പ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഡി. രാജേന്ദ്രന്‍ എന്നിവര്‍ വേദിയില്‍