വെല്ലുവിളിയില്‍ തളിര്‍ത്ത് 2000 മരങ്ങള്‍

Posted By : pkdadmin On 16th January 2015


 പാലക്കാട്: 2014 സപ്തംബര്‍ 24ന് ഭീമനാട് ജി.യു.പി. സ്‌കൂളിലെ കുരുന്നുകള്‍ മറ്റ് മൂന്ന് സ്‌കൂളുകളെ വെല്ലുവിളിച്ചു; മറ്റൊന്നിനുമല്ല മുറ്റത്ത് മൂന്ന് വൃക്ഷത്തൈ നടാന്‍. മൂന്നുമാസം പിന്നിടുമ്പോഴേക്ക് ആ വെല്ലുവിളിയേറ്റെടുത്ത് ജില്ലയില്‍ തളിര്‍ത്തത് രണ്ടായിരത്തിലേറെ വൃക്ഷത്തൈകള്‍.
മാതൃഭൂമി സീഡ് പദ്ധതിയുടെ ഭാഗമായി നടക്കുന്ന മൈ ട്രീ ചലഞ്ച് പരിപാടിയാണ് 250ഓളം സ്‌കൂളുകള്‍ പിന്നിട്ട് മുന്നേറുന്നത്. ഭീമനാട് യു.പി. സ്‌കൂളില്‍വെച്ച് ടി.ആര്‍. തിരുവിഴാംകുന്നാണ് പദ്ധതിക്ക് തുടക്കമിട്ടത്.
ചെറുമുണ്ടശ്ശേരി യു.പി., വരോട് യു.പി., ബമ്മണൂര്‍ യു.പി. എന്നീ സ്‌കൂളുകളെയാണ് ഭീമനാട് സ്‌കൂള്‍ തൈനടാന്‍ വെല്ലുവിളിച്ചത്. പാലക്കാട്, ഒറ്റപ്പാലം, മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലായി തൈകള്‍ നടാനുള്ള വെല്ലുവിളി ആവേശപ്പച്ചപ്പായി. മൂന്ന് തൈകള്‍ക്കുപകരം സ്‌കൂളുകളില്‍ നട്ട തൈകള്‍ 30ഉം 300ഉം കടന്നു. സ്‌കൂളങ്കണത്തില്‍നിന്ന് തൈകള്‍നടാനുള്ള വെല്ലുവിളി അതിര്‍ത്തി കടന്ന് പോലീസ് സ്റ്റേഷനിലും ആസ്​പത്രികളിലുംവരെയെത്തി.
സീഡ് ക്ലൂബ്ബ്, സീഡ് പോലീസ്, സീഡ് റിപ്പോര്‍ട്ടര്‍ എന്നിങ്ങനെ മൂന്ന് പ്രതിനിധികളാണ് ഓരോ വെല്ലുവിളിയും ഏറ്റെടുത്ത് തൈകള്‍ നട്ടത്. ചിറ്റൂര്‍ ബോയ്‌സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികളുടെ വെല്ലുവിളിയേറ്റെടുത്ത് കുന്നത്തുപാളയം വാര്‍ഡില്‍ നൂറിലധികം തൈകള്‍ നട്ടു. ജില്ലാ സ്‌കൂള്‍ യുവജനോത്സവവേദിയിലും മൈട്രീ ചലഞ്ചിന്റെ ആവേശം അലയൊലി തീര്‍ത്തു.
കുട്ടികള്‍തീര്‍ത്ത ആവേശം ഒറ്റപ്പാലം കീഴൂരില്‍ യുവാക്കളിലുമെത്തി. യുവതരംഗ് ക്ലബ്ബ് വൃക്ഷത്തൈ നട്ട് തങ്ങളുടെ ജനപ്രതിനിധി കെ.എസ്. സലീഖ എം.എല്‍.എ.യെ വെല്ലുവിളിച്ചതോടെ പദ്ധതി മണ്ഡലത്തിലുടനീളമായി. ചെര്‍പ്പുളശ്ശേരി സ്‌കൂളിന്റെ വെല്ലുവിളി ഒറ്റപ്പാലം, മണ്ണാര്‍ക്കാട് എ.ഇ.ഒ.മാര്‍ക്കായിരുന്നു.
അധ്യയനവര്‍ഷം അവസാനിക്കാറാവുമ്പോഴും മൈ ട്രീ ചലഞ്ചിന്റെ ആവേശം സ്‌കൂളുകളില്‍ പടരുകയാണ്.