പാലക്കാട്: സ്‌കൂള്‍മുറ്റത്ത് കൊച്ചുകൂട്ടുകാര്‍ വിളയിച്ചെടുത്ത 50-ഓളം തരം പച്ചക്കറികളുമായി പൊലിമയില്‍ മാതൃഭൂമി സീഡ് സ്റ്റാള്‍ വ്യത്യസ്തമായി. എടത്തനാട്ടുകര പി.കെ.എച്ച്.എം.ഒ. യു.പി. സ്‌കൂളിലെ സീഡ് പ്രവര്‍ത്തകര്‍ തയ്യാറാക്കിയ പച്ചക്കറികളാണ് പൊലിമയ്ക്ക് ആകര്‍ഷണമായി സീഡ് സ്റ്റാളില്‍ നിരന്നത്. സ്റ്റാള്‍ സന്ദര്‍ശിച്ച മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിദ്യാര്‍ഥികള്‍ കടച്ചക്കയും സീഡ് കൈപ്പുസ്തകവും സമ്മാനിച്ച് വരവേറ്റു.
കസ്തൂരിമഞ്ഞള്‍, കപ്പ, ഇഞ്ചി, തക്കാളി, പച്ചമുളക്, ചാന്പക്ക, നെല്ലിക്ക, ചെറുനാരങ്ങ, പപ്പായ തുടങ്ങി പച്ചക്കറികള്‍ സ്‌കൂളിലെ നാലേക്കറിലാണ് കുട്ടികള്‍ നട്ടുവളര്‍ത്തിയെടുത്തത്. സ്റ്റാളില്‍ പ്രദര്‍ശിപ്പിച്ച പച്ചക്കറികള്‍ ഒന്നിച്ചുതന്നെ വിറ്റഴിഞ്ഞതോടെ കുട്ടികളും ആവേശത്തിലായി.
വിദ്യാര്‍ഥികളായ പി. അന്‍സാര്‍, പി. തന്‍വീര്‍ഷാ, പി. ഷഹീന്‍, പി. ജസീന്‍, പി. ഗോപിനാഥന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ റസാഖ്, പ്രഥമാധ്യാപകന്‍ അബൂബക്കര്‍, അധ്യാപകരായ ഷാനിര്‍ ബാബു, ഷീജ, ജമീല, വഹാബ് എന്നിവരാണ് പച്ചക്കറികളുമായി മേളയ്ക്ക് മാറ്റുകൂട്ടാനെത്തിയത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ നടന്ന സീഡ് പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു.
മന്ത്രിക്കൊപ്പം ഷാഫി പറന്പില്‍ എം.എല്‍.എ, നഗരസഭാചെയര്‍മാന്‍ പി.വി. രാജേഷ് എന്നിവരുമുണ്ടായിരുന്നു. സീഡിന്റെ കൈപ്പുസ്തകവും പോസ്റ്ററുകളും വിതരണം ചെയ്തു.