കരനെല്‍കൃഷിയില്‍ നാലുകണ്ടം യു.പി.സ്‌കൂള്‍ വിളയിച്ചത് നൂറുമേനി

Posted By : pkdadmin On 16th January 2015


 അലനല്ലൂര്‍: നാട്ടില്‍നിന്ന് അന്യംനിന്നുപോയ പരമ്പരാഗത കൃഷിരീതിയായ കരനെല്‍കൃഷി പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിനും കുട്ടികളില്‍ കാര്‍ഷികാഭിമുഖ്യം വളര്‍ത്താനുമുള്ള കുട്ടികളുടെ പരിശ്രമത്തിന് വിളവിന്റെ കൂമ്പാരം. എടത്തനാട്ടുകര നാലുകണ്ടം എ.കെ.എച്ച്.എം.ഒ.യു.പി.സ്‌കൂളില്‍ സീഡ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കരനെല്‍കൃഷിയില്‍ തുടര്‍ച്ചായി മൂന്നാംവര്‍ഷവും നൂറുമേനി വിളവ്.
സ്‌കൂള്‍വളപ്പിലെ 40 സെന്റ് സ്ഥലത്താണ് അത്യുത്പാദനശേഷിയുള്ള ഉണ്ണ്യേന്‍കുട്ടി എന്ന നാടന്‍ ഇനം നെല്‍വിത്ത് വിതച്ചത്. നിലമൊരുക്കലും വളം, ജലസേചനം, മറ്റ് പരിചരണ പ്രവര്‍ത്തനങ്ങളെല്ലാം സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ കുട്ടികള്‍തന്നെ ചെയ്തു.
വിദ്യാലയത്തിലെ അരയേക്കറോളം വരുന്ന സ്ഥലത്ത് വിവിധ ഇനത്തിലുള്ള ജൈവ പച്ചക്കറിത്തോട്ടവും കുട്ടികള്‍ തയ്യാറാക്കി വിളവെടുക്കുന്നുണ്ട്.
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ ഒരുക്കിയ കൃഷിത്തോട്ടത്തിന് കൃഷിവകുപ്പിന്റെ സമഗ്ര പച്ചക്കറി വികസനപരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച സ്‌കൂള്‍ പച്ചക്കറിത്തോട്ട നിര്‍മാണത്തില്‍ ജില്ലയിലെ മികച്ച കാര്‍ഷിക വിദ്യാലയം, മികച്ച പ്രധാനാധ്യാപിക, കാര്‍ഷിക ക്ലബ്ബ് കണ്‍വീനര്‍, മികച്ച വിദ്യാര്‍ഥി കര്‍ഷകന്‍ എന്നീ പുരസ്‌കാരങ്ങള്‍ ഈവര്‍ഷം ലഭിച്ചിട്ടുണ്ട്.
കൃഷിവകുപ്പിന്റെ സംസ്ഥാന അവാര്‍ഡിന് ജില്ലയില്‍നിന്ന് ശുപാര്‍ശ ചെയ്യപ്പെട്ട ഏക വിദ്യാലയവും ഈ സ്‌കൂളാണ്. സ്‌കൂളിലെ കരനെല്‍കൃഷിയുടെ കൊയ്!ത്തുത്സവവും എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച സ്മാര്‍ട്ട് ക്ലാസ് റൂമിന്റെയും ഉദ്ഘാടനവും എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ. നിര്‍വഹിച്ചു.
ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മഠത്തൊടി റഹ്മത്ത് അധ്യക്ഷതവഹിച്ചു. ചടങ്ങില്‍ സീഡ് കോ-ഓര്‍ഡിനേറ്റര്‍ വി. റസാഖ്, കാര്‍ഷിക ക്ലബ്ബ് അംഗങ്ങള്‍ എന്നിവരെ ആദരിച്ചു. ഗ്രാമപ്പഞ്ചായത്ത് വൈസ്​പ്രസിഡന്റ് പുത്തംകോട്ട് ഉമ്മര്‍, ഗ്രാമപ്പഞ്ചായത്തംഗം പി. സുല്‍ഫിക്കര്‍, വി.ടി. ഹംസ, പാറോക്കോട്ട് ഈസഹാജി, ടി.കെ. അബ്ദുള്‍സലാം, കൃഷി ഓഫീസര്‍ മിനി ജോര്‍ജ്, പി. മോഹന്‍ദാസ്, ഹംസ പുളിക്കല്‍, സി. മുസ്തഫ, ടി.ടി. രമാദേവി, പി. അബ്ദുള്‍ ബഷീര്‍, സി. സക്കീര്‍, എ. ഹംസക്കുട്ടി, പി. ഷാനവാസ്, ടി.കെ. മുഹമ്മദ് ഷാബില്‍, പ്രധാനാധ്യാപകന്‍ കെ.കെ. അബൂബക്കര്‍, വി. ജയപ്രകാശ് എന്നിവര്‍ പ്രസംഗിച്ചു.