വീടില്ലാത്ത സൗമ്യയ്ക്ക് അഭയവുമായി വിദ്യാര്‍ഥികള്‍

Posted By : tcradmin On 12th January 2015


കുന്നംകുളം: വീടും സ്ഥലവും ഇല്ലാത്ത സൗമ്യയെ സഹായിക്കാന്‍ മരത്തംകോട് ഗവ. ഹൈസ്‌കൂളിലെ സീഡ് വിദ്യാര്‍ഥികളും അധ്യാപകരും മുന്നിട്ടിറങ്ങി. സ്‌കൂളിലെ പത്താം ക്ലൂസ്സ് വിദ്യാര്‍ഥിനിയായ സൗമ്യയ്ക്ക് ഇയ്യാല്‍ അബേദ്കര്‍ കോളനിയില്‍ വീട് കെട്ടിയുണ്ടാക്കാനാണ് സഹപാഠികള്‍ മുന്നോട്ടുവന്നത്. അച്ഛന്‍ ഉപേക്ഷിച്ചുപോയ സൗമ്യ അമ്മ സുശീലയോടൊപ്പമാണ് കോളനിയിലെ അടച്ചുറപ്പില്ലാത്ത കൂരയില്‍ കഴിയുന്നത്.
മാതൃഭൂമി സീഡ് അംഗങ്ങള്‍ സഹായിക്കാന്‍ പുറപ്പെട്ടപ്പോള്‍ അധ്യാപകരും പി.ടി.എ. അംഗങ്ങളും കൂടെയെത്തി. ആശ്വാസധനമായി ഇരുപതിനായിരം രൂപ കുടുംബത്തിന് കൈമാറി. വിദ്യാര്‍ഥികളുടെ സേവനതത്പരത കണ്ടറിഞ്ഞ് എയ്യാല്‍ എസ്.എന്‍.ഡി.പി. ശാഖയും സഹായ ഹസ്തവുമായെത്തി. ശാഖ സമാഹരിച്ച പതിനായിരം രൂപയും ആലിക്കല്‍ ജ്വല്ലറിയുടെ പതിനായിരവും സുശീലയ്ക്ക് കൈമാറി. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് സ്ഥിരാധ്യക്ഷന്‍ വനജ ഭാസ്‌കറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് സഹായം കൈമാറിയത്. കെ.ആര്‍. രഘുനാഥന്‍, അഡ്വ. പ്രതാപന്‍, എം.എ. ബാലകൃഷ്ണന്‍, ബാഹുലേയന്‍, ബാലചന്ദ്രന്‍ വടാശ്ശേരി, സിദ്ധാര്‍ത്ഥന്‍, സുമന സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു.