ആലപ്പുഴ: മണ്ണും മരവും മഴയും സ്‌നേഹിച്ചുണര്‍ത്തുന്നതിന്റെ മാതൃകയൊരുക്കിയ താമരക്കുളം വി.വി.എച്ച്.എസ്.എസ്. ഒരുലക്ഷം രൂപയുടെ മാതൃഭൂമി സീഡ് വിശിഷ്ടഹരിത വിദ്യാലയപുരസ്‌കാരം ഏറ്റുവാങ്ങി. മാതൃഭൂമി സീഡ് കാര്‍ഷിക സംസ്‌കാരത്തിന്റെ അന്തസ്സ് ഉയര്‍ത്തുകയാണെന്നറിയിച്ച് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അവാര്‍ഡ് സമ്മാനിച്ചു.
ചെണ്ടമേളവും കരഘോഷവും ഉയര്‍ന്ന അഭിമാന മുഹൂര്‍ത്തത്തിലായിരുന്നു അവാര്‍ഡ്ദാനം. കൃഷിയുടെ വളര്‍ച്ചയില്‍ കൗതുകമുള്ളവരായി പുതിയ തലമുറ മാറണമെന്ന് മന്ത്രി ഓര്‍മ്മിപ്പിച്ചു. കാര്‍ഷിക സംസ്‌കാരം മാത്രമാണ് കേരളത്തെ വളര്‍ത്തുന്നത്. ഒരു നിര്‍മ്മാണം കാണുന്ന കൗതുകത്തോടെയല്ല ഒരു ചെടിവളരുന്നത് കാണുന്നത്. ആ വളര്‍ച്ച ജീവിതമാണ് പഠിപ്പിക്കുന്നത്.
ഇപ്പോള്‍ കാര്‍ഷിക കേന്ദ്രീകൃത ജീവിതം തന്നെ കുറ്ഞ്ഞു. ഓണത്തിന് ഒരുപറ നെല്ല് എന്നു പ്രഖ്യാപിച്ച് മുമ്പ് വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുമായിരുന്നു. നഷ്ടപ്പെട്ട ആ കാലം സീഡ് പ്രവര്‍ത്തനത്തിലൂടെ തിരിച്ചുപിടിക്കണമെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
തിരക്കഥാകൃത്തും നിര്‍മ്മാതാവും സംവിധായകനുമായ രണ്‍ജി പണിക്കര്‍ മുഖ്യപ്രഭാഷണവും പാണ്ടനാട് എസ്.വി.എച്ച്.എസ്.എസ്സിന് ശ്രേഷ്ഠഹരിത വിദ്യാലയ പുരസ്‌കാരവിതരണവും നടത്തി. 25,000 രൂപയുടേതാണ് ഈ അവാര്‍ഡ്. ചവിട്ടുന്ന മണ്ണില്‍നിന്ന് അന്നം വിളയിക്കുന്ന പ്രവര്‍ത്തനമാണ് മാതൃഭൂമി സീഡ് നടത്തുന്നത്. ചുംബനസമരം നടത്തുന്നവര്‍ സംശുദ്ധമായ ഒരു കൈക്കുമ്പിള് വെള്ളം കോരിക്കുടിക്കാനുള്ള അവകാശത്തിനുവേണ്ടി പോരാടണമെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു.പ്രതിഭ ഹരി 'കൃഷിയും ഭക്ഷ്യ സുരക്ഷയും' എന്ന വിഷയത്തില്‍ സംസ്ഥാനതലത്തില്‍ ഏറ്റവും മികവു പുലര്‍ത്തിയ വിദ്യാലയത്തിനുള്ള പുരസ്‌കാരം മണ്ണഞ്ചേരി ഗവ. എച്ച്.എസ്സിനു സമ്മാനിച്ചു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ ജിമ്മി കെ.ജോസ്, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ജെ. പ്രേംകുമാര്‍, ഫെഡറല്‍ ബാങ്ക് എ.ജി.എം. കെ.വി. ജോസ്, സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ പി. രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ആലപ്പുഴ ടൗണ്‍ഹാളില്‍ നടന്ന ചടങ്ങില്‍ മാതൃഭൂമി യൂണിറ്റ് മാനേജര്‍ സി. സുരേഷ് കുമാര്‍ അധ്യക്ഷതവഹിച്ചു. ന്യൂസ് എഡിറ്റര്‍ എസ്. പ്രകാശ് സ്വാഗതവും സീഡ് ഡിസ്ട്രിക്ട് എസ്.പി.ഒ.സി. ബിജു പി.നായര്‍ നന്ദിയും പറഞ്ഞു.
സംസ്ഥാന തലത്തില് രണ്ടാംസ്ഥാനം നേടിയ പാലക്കാട് ചുണ്ടന്പറ്റ ബി.വി.യു.പി.എസ്സും മൂന്നാം സ്ഥാനം നേടിയ തൃശ്ശൂര് തൃത്തല്ലൂര് യു.പി.എസ്സും അതാത് ജില്ലകളില് നടന്ന ചടങ്ങില് സമ്മാനം ഏറ്റുവാങ്ങി.
മുഖ്യാതിഥി തിരക്കഥാകൃത്തും സംവിധായകനുമായ രണ്‍ജി പണിക്കര്‍ പ്രഭാഷണം നടത്തുന്നു (ഇടത്ത്)
വിശിഷ്ട ഹരിതവിദ്യാലയം അവാര്‍ഡ് താമരക്കുളത്തിന്റെ കരങ്ങളില്‍