കീടനാശിനിയില്‍നിന്ന് കര്‍ഷകരെ രക്ഷിക്കാനിറങ്ങി ഹോളിഫാമിലി മാതൃകയായി

Posted By : Seed SPOC, Alappuzha On 30th December 2014



ആലപ്പുഴ: സുരക്ഷാ സംവിധാനങ്ങളില്ലാതെ കീടനാശിനി പ്രയോഗം നടത്തുന്ന കര്‍ഷകരെ രക്ഷിക്കാനിറങ്ങി കൈനകരി ഹോളി ഫാമിലി ഗേള്‍സ് സ്‌കൂള്‍ മാതൃകയായി. മാതൃകാ പ്രവര്‍ത്തനത്തെ ആദരിച്ച് മാതൃഭൂമി സീഡ് പുരസ്‌കാരം അവരെ തേടിയെത്തി.
കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ ഹരിതവിദ്യാലയ പുരസ്‌കാരത്തിന്റെ മൂന്നാംസ്ഥാനം ഇവര്‍ക്ക് ലഭിച്ചു.
കുട്ടനാട് മേഖലയില്‍ നെല്‍ക്കൃഷിക്ക് കീടനാശിനിപ്രയോഗം നടത്തുന്നതിന് കര്‍ഷകര്‍ ഒരു സുരക്ഷാമാര്‍ഗവും ഉപയോഗിക്കുന്നില്ല.
ഇവരില്‍ പലര്‍ക്കും കാന്‍സര്‍ പിടിപെടുന്നതായും വിദ്യാര്‍ഥികള്‍ നടത്തിയ സര്‍വ്വേയില്‍ കണ്ടെത്തി.
ഇതിനെത്തുടര്‍ന്ന് ബോധവത്കരണ പ്രവര്‍ത്തനം നടത്തി. മാസ്‌ക് ധരിക്കേണ്ടതിന്റെ ആവശ്യകത ബോധ്യപ്പെടുത്തി.
വിഷവിമുക്ത പച്ചക്കറി ഉത്പാദനം നടത്തി മാതൃക ഒരുക്കാനും ഇവര്‍ക്കു കഴിഞ്ഞു. മരങ്ങള്‍ മുറിക്കുന്നതിനും ജലം പാഴാക്കുന്നതിനും എതിരെ നടന്ന പ്രചാരണങ്ങളും ഹൗസ് ബോട്ട് മാലിന്യം കൈനകരി മേഖലയില്‍ നിക്ഷേപിക്കുന്നതിനെതിരെയും പ്രതികരിക്കാന്‍ ഇവര്‍ക്കു കഴിഞ്ഞതും അവാര്‍ഡ് നേടാന്‍ കാരണമായി.
സീഡ് കോ ഓര്‍ഡിനേറ്റര്‍ മിനി മാത്യു, ഹെഡ്മിസ്ട്രസ് എലിസബത്ത് മാത്യു, അധ്യാപകന്‍ സാബു ജോസഫ് എന്നിവര്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി. മിലന്‍ മരിയ തോമസ്, ടെസ്‌മോള്‍ ടോം, പൂര്‍ണിമ പ്രമോദ്, ദേവിക സുനില്‍, സിതാര, അശ്വതി രതീഷ്, ശില്പ ശശിധരന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സീഡ് പ്രവര്‍ത്തനങ്ങള്‍ നടന്നത്.

തണല്‍മരങ്ങള്‍ നശിപ്പിക്കുന്നതിനെതിരെ ഹോളിഫാമിലി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം