കുട്ടികള്‍ പറഞ്ഞു... കളക്ടറേ കുന്തിപ്പുഴയെ കാക്കണം

Posted By : pkdadmin On 30th December 2014


 പാലക്കാട്: കളക്ടര്‍ക്കുമുന്നില്‍ അവരെത്തിയത് തങ്ങളുടെ സ്വന്തം കുന്തിപ്പുഴയുടെ ജീവന്‍ രക്ഷിക്കണമെന്നാവശ്യവുമായാണ്. ഇതിനായി കുട്ടിക്കൂട്ടം തയ്യാറാക്കിയ പഠനറിപ്പോര്‍ട്ടും കളക്ടര്‍ കെ. രാമചന്ദ്രന് കൈമാറി. ഭീമനാട് ഗവ. യു.പി.സ്‌കൂളിലെ സീഡ് ക്ലബ്ബ് അംഗങ്ങളാണ് കളക്ടറെ കാണാന്‍ ശനിയാഴ്ച പാലക്കാട്ടെത്തിയത്. പ്രകൃതിയോടുള്ള അവരുടെ സ്‌നേഹംകണ്ട് കളക്ടര്‍ ഒരു ദൗത്യവും അവരെ ഏല്പിച്ചു; കാട്ടാനശല്യം തടയാന്‍ വനാതിര്‍ത്തികളില്‍ മുളംതൈകള്‍ വെച്ചുപിടിപ്പിക്കണമെന്ന്. കുട്ടികള്‍ തിരിച്ച് ഉറപ്പും നല്‍കി.
കടവുകളുടെ സന്ദര്‍ശനവും നിരീക്ഷണവുമുള്‍പ്പെടുത്തിയാണ് കുട്ടികള്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കുന്തിപ്പുഴ കണ്ണീര്‍ച്ചാലായതും പുഴകൈയേറിയതും മാലിന്യനിക്ഷേപവുമൊക്കെ കുട്ടികള്‍ കണ്ടെത്തി.
പ്രദേശവാസികള്‍ക്ക് പുഴസംരക്ഷണത്തിന്റെ ഉത്തവാദിത്വം നല്‍കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ പുഴ സംരക്ഷണത്തിനുള്ള ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്യുക, പുഴയില്‍ കുളിക്കടവുകള്‍ നിര്‍മിക്കുക, ഇരുകരയിലും സംരക്ഷണഭിത്തി നിര്‍മിക്കുക, പുഴയിലിറക്കി വണ്ടികഴുകുന്നത് നിരോധിക്കുക, പുഴ മലിനമാക്കുന്ന സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും പേരില്‍ നിയമനടപടി സ്വീകരിക്കുക, അനിയന്ത്രിതമായ ജലചൂഷണം അവസാനിപ്പിക്കുന്നതിനുവേണ്ട നടപടി സ്വീകരിക്കുക, മണല്‍ ഊറ്റല്‍-ഡിസൈന്‍കല്ല് കടത്തല്‍ നിരോധനം ഏര്‍പ്പെടുത്തുക, തിട്ടുകള്‍ ഇടിച്ചുനിരത്തല്‍ നിരോധിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കി.
പ്രധാനാധ്യാപകന്‍ പി.രാധാകൃഷ്ണന്‍, സീഡ് കോ-ഓര്‍ഡിനേറ്റര്‍ കെ.സി.മിനി, വിദ്യാര്‍ഥികളായ സി.അനഘ, ആര്‍.കൃപ, കെ.നവീന്‍, എം.ഹിബ, എം.അനുപമ, വി.പി.നജ്!ല, ആര്‍.അനന്തുകൃഷ്ണന്‍ എന്നിവരാണ് കളക്ടര്‍ക്ക് പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.