മുട്ടം: മുട്ടം ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ്. ക്യാമ്പ് മുട്ടം ഗവ. പോളിടെക്‌നിക് കോളേജില്‍ ആരംഭിച്ചു. ഔപചാരിക ഉദ്ഘാടനം തൊടുപുഴ ഡിവൈ.എസ്.പി. കെ.എം.സാബു മാത്യു നിര്‍വഹിച്ചു. 26ന് സമാപിക്കും.
ക്യാമ്പിനോടനുബന്ധിച്ച് മുട്ടം ഗ്രാമപ്പഞ്ചായത്തിലെ ഓരോ വീട്ടിലും വളണ്ടിയര്‍മാര്‍ നേരിട്ടെത്തി പ്ലാസ്റ്റിക് ശേഖരിക്കുന്നു. മുട്ടം ഗ്രാമപ്പഞ്ചായത്തിനെ സമ്പൂര്‍ണ പ്ലാസ്റ്റിക് മാലിന്യരഹിത പഞ്ചായത്താക്കി മാറ്റുകയാണ് ക്യാമ്പിന്റെ ലക്ഷ്യം. മുട്ടം ഗ്രാമപ്പഞ്ചായത്തിന്റെ സമ്പൂര്‍ണ പങ്കാളിത്തത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. മാതൃഭൂമി സീഡുമായി സഹകരിച്ചാണ് ഈ പദ്ധതി.
മുട്ടം ഗ്രാമപ്പഞ്ചായത്തിലെ വാര്‍ഡ് മെമ്പര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണ്‍വാടി അധ്യാപകര്‍ എന്നിവരുടെ പങ്കാളിത്തത്തോടെ പ്ലാസ്റ്റിക് ശേഖരിച്ച് 'വെല്‍ത്ത് ഫ്രം വെയിസ്റ്റ്' എന്ന സന്നദ്ധസംഘടനയുടെ സഹകരണത്തോടെ നിര്‍മാര്‍ജനം ചെയ്യുന്നു.
ക്യാമ്പിന്റെ ഭാഗമായി ഡിസംബര്‍ 22ന് ഉച്ചയ്ക്കുശേഷം 2മണിക്ക് 'കാലഘട്ടം നേരിടുന്ന വെല്ലുവിളികളും സമരമുറകളിലെ മാറ്റങ്ങളും' എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം സംഘടിപ്പിക്കുന്നു. ഗവ. ചീഫ്വിപ്പ് പി.സി.ജോര്‍ജ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യ സെക്രട്ടറി ഡോ. മാത്യു കുഴല്‍നാടന്‍, ബി.ജെ.പി. സംസ്ഥാന സെക്രട്ടറി അഡ്വ. നാരായണന്‍ നമ്പൂതിരി, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി നിഷാന്ത് വി.ചന്ദ്രന്‍, സാമൂഹിക നിരീക്ഷകന്‍ ജയകുമാര്‍ തുടങ്ങിയവര്‍ സംവാദത്തില്‍ പങ്കെടുക്കും.