കോട്ടയം: അടുക്കളത്തോട്ടത്തിലെ പച്ചക്കറി സ്‌കൂളിലേക്ക്

Posted By : ktmadmin On 20th December 2014


 കോട്ടയം: സ്വന്തം വീട്ടുവളപ്പില്‍ വിഷരഹിതമായി ഉല്പാദിപ്പിച്ച പച്ചക്കറി സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് നല്‍കി കോട്ടയം ഹോളിഫാമിലി സ്‌കൂളിലെ 'സീഡ് 'പ്രവര്‍ത്തകര്‍ മാതൃകകാട്ടി.  ലോക മനുഷ്യാവകാശ ദിനാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിലാണ് കുട്ടികള്‍ തങ്ങളുടെ വീട്ടില്‍ വിളഞ്ഞ പച്ചക്കറികളും കിഴങ്ങ് വര്‍ഗ്ഗങ്ങളും സ്‌കൂളിന് നല്‍കിയത്.
മായമില്ലാത്ത ഭക്ഷണം നമ്മുടെ അവകാശം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കുട്ടികള്‍ വീട്ടുവളപ്പില്‍ കൃഷി ആരംഭിച്ചത്. സീഡ് കോഓര്‍ഡിനേറ്റര്‍ മാര്‍ഗരറ്റിന്റെ നേതൃത്വത്തിലാണ് കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.
മനുഷ്യാവകാശദിനാചരണം സ്‌കൂള്‍ പ്രഥമാധ്യാപകന്‍ എം.ജോര്‍ജ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ജോസ്‌ജേക്കബ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ സൂസമ്മ പി.മാമ്മന്‍, കെ.എസ്.ലംബച്ചന്‍,പി.ഇസഡ്.സന്തോഷ് കുമാര്‍, വിദ്യാര്‍ഥിപ്രതിനിധികളായ മീനുക്കുട്ടി മോനച്ചന്‍, ജന്‍സി സൈറ ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.