കോട്ടയം: മരങ്ങളെയും പുഴകളെയും സ്‌നേഹിച്ച് മാതൃഭൂമി സീഡ് പുരസ്‌ക്കാരങ്ങള്‍ ഏറ്റുവാങ്ങി

Posted By : ktmadmin On 18th December 2014



ഈരാറ്റുപേട്ട: പരിസ്ഥിതിസംരക്ഷണത്തിന്റെ കാവലാളുകളായി സീഡ് പ്രവര്‍ത്തകര്‍. കാലത്തിന്റെ കുത്തൊഴുക്കില്‍ അനുദിനം നശിക്കുന്ന പ്രകൃതിയെ ഒരമ്മയെപോലെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറെടുത്തു.
മണ്ണിനെയും മരങ്ങളെയും പുഴകളെയും സ്‌നേഹിച്ച അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അംഗീകാരമായി എത്തിയ പുരസ്‌ക്കാരം ആവേശത്തോടെ മാതൃഭൂമി സീഡിന്റെ സന്നദ്ധസേവകര്‍ ഏറ്റുവാങ്ങി. ജില്ലയിലെ വിവിധ സ്‌കൂളുകളില്‍നിന്നെത്തിയവരാണെങ്കിലും പ്രകൃതിയെ സംരക്ഷിക്കാനായി അവര്‍ പരസ്പരം കൈകോര്‍ത്തു.
പ്ലാസ്റ്റിക് കൊടിതോരണങ്ങള്‍ക്കോ, ബാനറുകള്‍ക്കോ സ്ഥാനമില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടായിരുന്നു ആതിഥേയരായ ഈരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പ്രവര്‍ത്തനങ്ങള്‍.
കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസജില്ലകളില്‍ ഹരിതവിദ്യാലയപുരസ്‌ക്കാരം നേടിയ സെന്റ് ജോര്‍ജ്ജ്‌സ് വി. എച്ച്.എസ്.എസ്. കൈപ്പുഴ(കോട്ടയം), സെന്റ് മൈക്കിള്‍സ് എച്ച്. എസ്.പ്രവിത്താനം(പാലാ), സെന്റ് ആഗ്‌നസ് ജി. എച്ച്. എസ്. മുട്ടുചിറ(കടുത്തുരുത്തി),സി. എം.എസ്. ഹൈസ്‌കൂള്‍ മുണ്ടക്കയം(കാഞ്ഞിരപ്പള്ളി), ഹരിതവിദ്യാലയപുരസ്‌ക്കാരം  ലഭിച്ച എന്‍.എസ്.എസ്. ജി. എച്ച്. എസ്. പെരുന്ന(കോട്ടയം).സെന്റ് മേരീസ് എച്ച്.എസ്. കിടങ്ങൂര്‍(പാലാ), ബധിര വിദ്യാലയം നീര്‍പ്പാറ(കടുത്തുരുത്തി), ജെ.ജെ.മര്‍ഫി മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഏന്തയാര്‍(കാഞ്ഞിരപ്പള്ളി) എന്നീ സ്‌കൂളുകള്‍ക്ക് വിശിഷ്ടാതിഥികള്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.രണ്ടാം സ്ഥാനത്തിന് അര്‍ഹമായവര്‍ക്ക് 10,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്‌ക്കാരം. മൂന്നാം സ്ഥാനം ലഭിച്ചവര്‍ക്ക് 5,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്‌ക്കാരം.
 മികച്ച സീഡ്  അധ്യാപക കോഓര്‍ഡിനേറ്റര്‍മാരായ ദിവ്യകേശവന്‍(ശ്രീനാരായണപബ്ലിക് സ്‌കൂള്‍ ചാന്നാനിക്കാട്).മാത്യു എം. കുര്യാക്കോസ്(സെന്റ് തോമസ് എച്ച്.എസ്.എസ്. പാലാ)ഗ്രേസി കുര്യാക്കോസ്(സെന്റ് തോമസ് എച്ച്.എസ്. കല്ലറ), മുഹമ്മദ് ലൈസല്‍(മുസ്ലീം ഗേള്‍സ് എച്ച്.എസ്. എസ്. ഈരാറ്റുപേട്ട)എന്നിവര്‍ക്കുള്ള പുരസ്‌ക്കാരവും ചടങ്ങില്‍ വിതരണം ചെയ്തു.മികച്ച പരിസ്ഥിതി സംരക്ഷണപ്രവര്‍ത്തനങ്ങള്‍ നടത്തിയ സ്‌കൂളുകള്‍ക്കുള്ള പ്രോത്സാഹനസമ്മാനങ്ങളും ചടങ്ങില്‍ വിതരണം ചെയ്തു. 5,000 രൂപയും പ്രശസ്തിപത്രവും ട്രോഫിയുമാണ് പുരസ്‌ക്കാരം.