പഌസ്റ്റിക് പടിക്കുപുറത്ത്,ചിലങ്കയ്ക്ക് ഇനി പേപ്പര്‍ ബാഗ്

Posted By : tcradmin On 17th December 2014


മാള: മത്സരകവാടത്തിലെത്തിയ കൊച്ചുകലാകാരിക്ക് മുന്നില്‍ മാതൃഭൂമിയുടെ സീഡ് പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ കുട്ടിയും മാതാപിതാക്കളും ഒന്ന് പകച്ചു.''കയ്യിലിരിക്കുന്ന പഌസ്റ്റിക് കവര്‍ മാറ്റിക്കൂടേ'' എന്ന ചോദ്യത്തിന് നിറഞ്ഞ സന്തോഷത്തോടെ ''ആവാ''മെന്ന മറുപടിയും. കുട്ടികള്‍ നീട്ടിയ പേപ്പര്‍ ബാഗിലേക്ക് നിധിപോലെ കൊണ്ടുവന്ന ചിലങ്ക നിക്ഷേപിച്ചപ്പോള്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കും മേളയ്ക്കിടയിലെ നന്മ കണ്ടറിഞ്ഞതിന്റെ സന്തോഷം.ചോറ്റുപാത്രവും, മേക്കപ്പ് സാധനങ്ങളും എളുപ്പത്തില്‍ പഌസ്റ്റിക്ക് കവറിലാക്കിയവരൊക്കെ പഌസ്റ്റിക് കവര്‍ വേസ്റ്റ് പാത്രത്തിലാക്കി പേപ്പര്‍ ബാഗ് ഏറ്റെടുത്തപ്പോള്‍ സീഡ് പ്രവര്‍ത്തകര്‍ക്കൊപ്പം കലോത്സവസംഘാടകര്‍ക്കും മേളയിലൂടെ പകര്‍ന്ന വലിയ സന്ദേശം ഏറ്റെടുക്കാനായതിന്റെ നിര്‍വൃതി.പ്രധാന വേദിക്കപ്പുറത്താകട്ടെ സെന്റ് ആന്റണീസ് സ്‌കൂളില്‍ വലിച്ചെറിഞ്ഞ പഌസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തതിന് ശേഷമാണ് സീഡ് പ്രവര്‍ത്തകര്‍ സ്‌കൂളിലേക്ക് മടങ്ങിയത്. മത്സരം കാണാനെത്തിയവര്‍ ആസ്വാദനത്തോടൊപ്പം പഌസ്റ്റിക് വിമുക്ത സന്ദേശവും കയ്യിലേന്തിയാണ് മടങ്ങിയത്. സീഡ് കോ-ഓര്‍ഡിനേറ്റര്‍ ആശയുടെ നേതൃത്വത്തിലാണ് മേളയ്ക്ക് പുതുമ നിറഞ്ഞ ആശയം നല്‍കിയത്. സീഡ് പ്രവര്‍ത്തകരായ ഐ.വി. വൈശാഖ്, ആന്‍ലിന്‍ സാബു എന്നിവരടങ്ങിയവര്‍ നേതൃത്വം നല്‍കി.മാള അഷ്ടമിച്ചിറ ഗാന്ധിസ്മാരക ഹൈസ്‌കൂളിലെ സീഡ് പ്രവര്‍ത്തകരാണ് മേള ഉയര്‍ത്തിയ മഹത്തായ സന്ദേശത്തിന് ഉറച്ച പിന്തുണ നല്‍കി, മേളപ്രേമികള്‍ക്ക് നന്മയുടെ സന്ദേശം കൈകളിലെത്തിച്ചത്.