പച്ചപ്പിന്റെ വാതായനങ്ങള്‍ തുറന്ന് ഗ്രീന്‍ മാര്‍ക്കറ്റ്‌

Posted By : pkdadmin On 16th December 2014


 മണ്ണാര്‍ക്കാട്: ഇടിച്ചക്ക ഒന്നിന് 10 രൂപ, കാന്താരിമുളക് ഒരുപിടി 5 രൂപ, മാങ്ങായിഞ്ചി ഒരു കിലോ 20 രൂപ. തെങ്കര സ്‌കൂളിലെ സൈരന്ധ്രി   സീഡ്  പരിസ്ഥിതിക്ലൂബ്ബ് തുടങ്ങിയ നാട്ടുപച്ചക്കറിച്ചന്തയിലെ വിഭവങ്ങളാണിത്. സ്വന്തം ആവശ്യങ്ങള്‍ക്കുള്ള പച്ചക്കറി സ്വന്തം തൊടിയില്‍നിന്നുതന്നെ കണ്ടെത്തുക, സമ്പാദ്യശീലം കുട്ടികളില്‍ വളര്‍ത്തുക, സഹകരണമനോഭാവം ഉണ്ടാക്കിയെടുക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഗ്രീന്‍ മാര്‍ക്കറ്റ് തുടങ്ങിയത്. 
മുരിങ്ങ, കാന്താരിമുളക്, കാവത്ത്, പീച്ചിങ്ങ, പപ്പായ, ചേമ്പ്, കറിവേപ്പില, മത്തന്‍ തുടങ്ങി വീടുകളില്‍ കൃഷിചെയ്യുന്നതും അല്ലാത്തതുമായ പച്ചക്കറികള്‍ പൊതുവിപണിയില്‍നിന്ന് അഞ്ച് രൂപയോളം വില കുറച്ചാണ് അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി വില്പന നടത്തിയത്. ആഴ്ചയിലൊരിക്കല്‍ രക്ഷിതാക്കള്‍ക്കുകൂടി സേവനം ലഭ്യമാകുന്ന തരത്തില്‍ ചന്ത വിപുലീകരിക്കും. 
കുട്ടികള്‍ കൊണ്ടുവരുന്ന പച്ചക്കറികള്‍ മാറ്റിവാങ്ങാനുള്ള ബാര്‍ട്ടര്‍ വ്യവസ്ഥയും ചന്തയില്‍ ഒരുക്കിയിട്ടുണ്ട്. ഗ്രീന്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം തെങ്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. അലി നിര്‍വഹിച്ചു. ഹൈസ്‌കൂള്‍ പി.ടി.എ. പ്രസിഡന്റ് മജീദ് അധ്യക്ഷനായി. ആദ്യവില്പന ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ജോളി ജോണ്‍ നിര്‍വഹിച്ചു. യു.പി. പി.ടി.എ. പ്രസിഡന്റ് ശിവശങ്കരന്‍, പ്രധാനാധ്യാപിക അജിതകുമാരി, യു.പി. പ്രധാനാധ്യാപകന്‍ എം. വിജയരാഘവന്‍, സ്റ്റാഫ് സെക്രട്ടറി അബ്ദുള്‍ നാസര്‍, ബി.ആര്‍.സി. ട്രെയിനര്‍ ഷാജി, ക്ലൂബ്ബ് സെക്രട്ടറി കെ.സി. സുരേഷ്, ഷൈലജ, ആതിര ഉണ്ണി എന്നിവര്‍ പ്രസംഗിച്ചു.